തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന രോഗി ആത്മഹത്യക്ക് ശ്രമിച്ചു. കൊവിഡ് വാർഡിലാണ് രോഗി തൂങ്ങി മരിക്കാൻ ശ്രമിച്ചത്. നേരത്തെ ഈ രോഗി വാർഡിൽ നിന്ന് ചാടി പോകാൻ ശ്രമിച്ചിരുന്നു. നാട്ടുകാരാണ് ഇയാളെ പിടികൂടി ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്. രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വാർഡിനുള്ളിൽ രാവിലെ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇയാൾ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. മെയ് 29നാണ് ഇയാൾക്ക് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തിറങ്ങിയത്. ആശുപത്രിയിൽ നിന്ന് നൽകിയ വസ്ത്രമാണ് ഇയാൾ ധരിച്ചിരുന്നത്.
കെ.എസ്.ആർ.ടി.സി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടുകയായിരുന്നു. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇയാൾക്ക് ആശുപത്രി വിടാമായിരുന്നു. മദ്യത്തിന് അടിമയായതിനാൽ മദ്യം ലഭിക്കാതെ വന്നതിനാലാണ് ചികിത്സ പൂർത്തിയാകും മുമ്പ് കടക്കാൻ ശ്രമം നടത്തിയതെന്നാണ് മെഡിക്കൽ കോളേജിൽ നിന്നു ലഭിച്ച പ്രാഥമിക വിവരം. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിന് സർവയലൻസ് ടീം അടിയന്തര നടപടി തുടങ്ങിയിരുന്നു.