pic

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിയായ അഞ്ജു ഷാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ എം.ജി സർവകലാശാലയും പൊലീസു അന്വേഷണം ആരംഭിച്ചു. കോപ്പിയടിച്ചെന്ന പേരിൽ അഞ്ജുവിനെ ഒരു മണിക്കൂർ ക്ലാസിലിരുത്തിയ സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബി.വി.എം കോളേജിലെത്തിയ സിൻഡിക്കേറ്റ് ഉപസമിതി അറിയിച്ചു.അഞ്ജുവിന്‍റെ കൈയ്യക്ഷരം അടക്കം പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. പരീക്ഷാ ദിവസം ഹാൾടിക്കറ്റിന്‍റെ പുറകുവശത്ത് എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജു ഷാജിയുടേതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി വിദ്യാർത്ഥിനിയുടെ പഴയ നോട്ട്ബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് ശേഖരിച്ചു.

നോട്ട്ബുക്കും ഹാൾടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ആരോപണത്തിൽ വ്യക്തത വരുമെന്ന നിഗമനമാണ് പൊലീസിനുള്ളത്.

സിൻഡികേറ്റ് സമിതിയെ കൊണ്ട് സംഭവം അന്വേഷിപ്പിക്കാനാണ് എംജി സര്‍വകലാശാല തീരുമാനിച്ചിട്ടുള്ളത്. ഡോ.എം.എസ് മുരളി,ഡോ. അജി സി പണിക്കർ,പ്രൊഫസർ വി.എസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങൾ. രാവിലെ കോളേജിലെത്തിയ അന്വേഷണ സമിതി വിവരം ശേഖരിച്ചു. സമിതി ഇന്നോ നാളെയോ റിപ്പോർട്ട് കൈമാറും.

അഞ്ജു ഷാജി ചാടിയെന്ന് സംശയിക്കുന്ന ചേർപ്പുങ്കൽ പാലത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നന്നായി പടിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നാണ് കുടുംബം ആവര്‍ത്തിച്ച് പറയുന്നത്. സർവകലാശാല നിയമം അനുസരിച്ചേ പ്രവർത്തിച്ചിട്ടുള്ളൂവെന്ന് ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജ് അധികൃതരും പറയുന്നു. ഈ സാഹചര്യത്തിലാണ് കോപ്പിയടി വിവാദത്തിൽ അന്വേഷണം ശാസ്ത്രീയമാക്കാൻ പൊലീസ് ഒരുങ്ങുന്നത്.