ഗോഹട്ടി: അസമിൽ തീപടർന്ന എണ്ണക്കിണറിന് സമീപം രണ്ട് അഗ്നിശമന സേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം മുതൽ ഇവരെ കാണാനില്ലായിരുന്നു. തീ അണയ്ക്കുന്നതിനിടയിൽ മരണപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. 14 ദിവസമായി വാതകച്ചോർച്ചയുണ്ടായിരുന്ന എണ്ണ കിണറിന് ചൊവ്വാഴ്ചയാണ് തീപിടിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് എണ്ണക്കിണറിന് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ഇതിനകം സംഭവ സ്ഥലത്തിന് ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ തീപടർന്നിട്ടുണ്ട്. സംസ്ഥാന സർക്കാർ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് വ്യോമസേനയും സൈന്യവും തീ കെടുത്താനുള്ള സഹായങ്ങൾ നൽകുന്നുണ്ട്.