ആറ്റിങ്ങൽ: ലോക് ഡൗൺ കാലത്ത് മുടങ്ങിയ സന്നദ്ധ സംഘടനകളുടെ റിട്ടേൺസ് സമർപ്പിക്കലും പുതുക്കലും വിവാദത്തിലേക്ക്. മാർച്ചിലാണ് ഇത് സമർപ്പിക്കേണ്ടത്.എന്നാൽ ലോക് ഡൗണായതിനാൽ കഴിഞ്ഞ ദിവസമാണ് രജിസ്ട്രേഷൻ ഓഫീസ് തുറന്നത്. എന്നാൽ 500 രൂപ ഫൈൻ അടച്ചാലേ പുതുക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞതാണ് സംഘടനാ ഭാരവാഹികളെ വലയ്ക്കുന്നത്.പുതുക്കലിന്റെ കാലാവധി കഴിഞ്ഞാൽ ഫൈൻ ഈടാക്കണ മെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് വേണ്ടെന്നുള്ള ഉത്തരവ് സർക്കാർ ഇറക്കിയിട്ടില്ല. ഇതാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ പുതുക്കാൻ തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയ ആറ്റിങ്ങലിലെ ചില സംഘടനകളോടാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചത്.കൊവിഡ് കാലത്ത് എല്ലാത്തിനും ആനുകൂല്യം നൽകുന്ന സാഹചര്യത്തിൽ സന്നദ്ധ സംഘടനകളുടെ പുതുക്കൽ സംബന്ധിച്ച കാര്യത്തിൽ പിഴ ഒഴിവാക്കണമെന്ന് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.