തിരുവനന്തപുരം: ഒടുവിൽ കെ.എസ്.ആർ.ടി.സിയെ നയിക്കാൻ ബിജു പ്രഭാകറിന് ക്ഷണം. കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തേക്ക് പലവട്ടം ഉയർന്നു കേട്ട പേരായിരുന്നു ബിജു പ്രഭാകറിന്റേത്. എന്നാൽ അപ്പോഴൊക്കെ തഴയപ്പെട്ടു. ടോമിൻ ജെ.തച്ചങ്കരിയെ എം.ഡി സ്ഥാനത്തു നിന്നും മാറ്റിയതിനെ തുടർന്ന് എം.ഡി സ്ഥാനത്തേക്ക് ബിജു പ്രഭാകറിന്റെ പേരാണ് മന്ത്രി എം.കെ.ശശീന്ദ്രൻ ശുപാർശ ചെയ്തത്. എന്നാൽ മന്ത്രിസഭ തീരുമാനിച്ചത് എം.പി.ദിനേശിന്റെ പേരായിരുന്നു.
ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും മെക്കാനിക്കൽ എൻജിയർ ബിരുദം ഉള്ള ബിജു പ്രഭാകറിനെ എം.ഡിയാക്കണമെന്നാണ് ഗതാഗത മന്ത്രി എം.കെ.ശശീന്ദ്രൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. അത് അംഗീകരിക്കപ്പെടുകയും ചെയ്തു. സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് അധിക ചുമതലയായിട്ടാണ് കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ചെയർമാൻ സ്ഥാനം വഹിക്കും.
തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ 'ഓപ്പറേഷൻ അനന്ത' അടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടർ, ഐ.ടി.@സ്‌കൂൾ സ്ഥാപക ഡയറക്ടർ എന്നിങ്ങനെ വൈവിധ്യമാർന്ന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. മികച്ച ഒരു പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും ഓഫ് റോഡ് ഡ്രൈവിംഗും ഇഷ്ടപ്പെടുന്നു. എം.ബി.എ, എൽ.എൽ.ബിയും കരസ്ഥമാക്കിയിട്ടുണ്ട്.