sc

ന്യൂഡൽഹി: രാഹുൽഗാന്ധിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാ‍ർ കേസിലെ പ്രതി സരിത.എസ്.നായ‍ർ നൽകിയ ഹ‍ർജി സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നം​ഗ ബെഞ്ച് ഇന്ന് ഹ‍ർജി പരി​ഗണിച്ചെങ്കിലും സരിത എസ് നായ‍രുടെ ഹ‍ർജി വാദിക്കാനായി അഭിഭാഷകരാരും കോടതിയിലെത്തിയിരുന്നില്ല. വാദിക്കാനുള്ള അഭിഭാഷകൻ ഹാജരാവാത്ത സ്ഥിതിക്ക് ഹ‍ർജി പരി​ഗണിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ച സുപ്രീംകോടതി തുട‍ർനടപടികൾ രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം. തിരഞ്ഞെടുപ്പ് ഹർജിയായതിനാൽ സുപ്രീംകോടതി രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചേക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേ സമയം രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തി‌ൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു.