ആലപ്പുഴ:കരിമണൽ ഖനനത്തിന്റെ പേരിൽ ആലപ്പുഴയിൽ സി.പി.എം–സി.പി.ഐ പോര്.പരിസ്ഥിതി വിഷയത്തിൽ തുടങ്ങി പ്രത്യക്ഷ രാഷ്ട്രീയ പ്രശ്നമായി പോര് മാറുകയാണ്. സർക്കാർ നിലപാടിനെതിരെ മന്ത്രിയും പാർട്ടിയും നിലപാടെടുക്കുന്നു എന്നാരോപിച്ച് മന്ത്രി പി.തിലോത്തമനും സി.പി.ഐക്കുമെതിരെ സി.പി.എം ജില്ലാസെക്രട്ടറി എൽ.ഡി.എഫിന് കത്തുനൽകി. ഇതാേടെയാണ് പ്രശ്നം പൊട്ടിത്തെറിയിലേക്ക് എത്തിയത്. തോട്ടപ്പള്ളിയിലെ പൊഴിമുറിക്കുന്നതിന്റെ മറവിൽ കരിമണൽഖനനം നടക്കുകയാണെന്ന സി.പി.ഐയുടെ ആരോപണം സി.പി.എമ്മിനെ നേരത്തെ തന്നെ ചൊടിപ്പിച്ചിരുന്നു.
മന്ത്രിക്കെതിരെ തിരിയുന്നവർ കേരളത്തിൽ ഒരേയൊരു പാർലമെന്റ് സീറ്റിൽ ജയിക്കാനായത് തിലോത്തമന്റെ പിന്തുണ കൊണ്ടാണെന്ന് മറക്കേണ്ടെന്നായിരുന്നു ഇതിനോടുള്ള സി.പി.ഐ ജില്ലാസെക്രട്ടറിയുടെ പ്രതികരണം.തിലോത്തമൻ ജയിക്കുന്നത് സി.പി.എം വോട്ടുകൊണ്ടാണെന്നായിരുന്നു സിപിഎം ജില്ലാസെക്രട്ടറിയുടെ മറുപടി. ടി.ജെ ആഞ്ചലോസ് അൽപ്പത്തരം പറയുകയാണെന്നും ചേർത്തല മണ്ഡലം വിട്ടുനൽകിയത് ഔദാര്യമാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.