freddie-mercury

സ്‌റ്റോൺ ടൗൺ : സാൻസിബാറിലെ സ്റ്റോൺ ടൗണിലൂടെ നടക്കുമ്പോൾ ഇടുങ്ങിയ ഒരു പാതയോരത്തോട് ചേർന്ന് ഒരു പഴയ കെട്ടിടം കാണാം. കാഴ്ചയിൽ സന്ദർശകരെ മാടിവിളിക്കുന്ന ആ കെട്ടിടത്തിന്റെ വാതിലിന് പുറത്ത് മങ്ങിയ ചില ഫോട്ടോഗ്രാഫുകൾ പതിച്ചിരിക്കുന്നത് കാണാം. അകത്തേക്ക് പ്രവേശിക്കുമ്പോൾ ഉള്ളിൽ തിളക്കം മങ്ങിയിട്ടില്ലാത്ത കുറേയധികം ഫോട്ടോകളും, ന്യൂസ് പേപ്പർ കട്ടിംഗുകളും കാണാം. കാലത്തിന്റെ ശേഷിപ്പെന്ന പോലെ ഒരു കറുത്ത പിയാനോ വീടിനുള്ളിലുണ്ട്. പണ്ട് സാൻസിബാറിയൻ തെരുവിലെ ഈ വീട്ടിൽ ജീവിച്ചിരുന്ന ഈ കൊച്ചു കുട്ടി വായിച്ചിരുന്ന പിയാനോ ആണിത്. ഫാറോഖ് ബുൽസാര എന്നായിരുന്നു ആ കുട്ടിയുടെ പേര്.

freddie-mercury

അങ്ങനെ പറഞ്ഞാൽ ഒരു പക്ഷേ, എല്ലാവർക്കും ആളെ പിടികിട്ടണമെന്നില്ല. കാരണം പിൻകാലത്ത് ലോകത്തിന്റെ നെറുകയിലെത്തിയ ആ കുട്ടിയെ നാം അറിയുന്നത് ' ഫ്രെഡ്ഡി മെർക്കുറി ' എന്നാണ്. എക്കാലത്തെയും മികച്ച റോക്ക് സംഗീതജ്ഞരിൽ ഒരാൾ. 1970 മുതൽ സംഗീതലോകത്തെ തരംഗമായി മാറിയ ' ക്വീൻ 'എന്ന ബ്രിട്ടീഷ് റോക്ക് ബാൻഡിന്റെ അമരക്കാരൻ. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ ഭാഗമായ ദ്വീപായ സാൻസിബാറിലാണ് ഫ്രെഡ്ഡി ജനിച്ചത്. സ്റ്റോൺ ടൗണിലെ ആ പഴയ കെട്ടിടത്തിലാണ് ഫ്രെഡ്ഡി ജനിച്ചത്. ഇന്ന് ഇവിടം ഫ്രെഡ്ഡിയുടെ ഓർമകൾ ഉറങ്ങുന്ന ഒരു മ്യൂസിയം ആണ്.

മനോഹരമായ സൂര്യാസ്തമയത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും പേരിലറിയപ്പെടുന്ന സാൻസിബാർ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രം കൂടിയാണ്. 2000 സാൻസിബാർ സിറ്റിയിലെ സ്റ്റോൺ ടൗണിനെ യുനെസ്കോയുടെ പൈതൃക കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.

റെമി മാലേകിന് മികച്ച നടനുള്ള ഓസ്കാർ വാങ്ങിക്കൊടുത്ത 2018ൽ പുറത്തിറക്കിയ ' ബൊഹമിയൻ റാപ്സൊഡി ' എന്ന ഹിറ്റ് ചിത്രവും സാൻസിബാറിനെയും സ്റ്റോൺ ടൗണിനെയും വീണ്ടും പ്രസിദ്ധമാക്കി മാറ്റി. ഫ്രെ‌ഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ബൊഹമിയൻ റാപ്സൊഡി. ബ്രിട്ടീഷ് പൗരത്വമുള്ള ഫ്രെഡ്ഡിയ്ക്ക് സാൻസിബാറിൽ വേരുകളുള്ളത് ഇന്നും പലർക്കുമറിയില്ല. ഇന്ത്യയിലുമുണ്ട് ഫ്രെഡ്ഡിയുടെ വേരുകളെന്ന് നമുക്ക് അറിയാം. മഹാരാഷ്ട്രയിലെ പഞ്ച്ഗണി സെന്റ് പീറ്റേഴ്സ് സ്കൂളിലും മുംബയ് സെന്റ് മേരീസ് സ്കൂളിലുമായിരുന്നു ഫ്രെഡ്ഡിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഗുജറാത്തിലെ ബുൽസാറിൽ ( ഇന്ന് വൽസാദ് ) വേരുകളുണ്ടായിരുന്ന പാഴ്‌സി വംശജർ ആയിരുന്നു ഫ്രെ‌ഡ്ഡിയുടെ കുടുംബം.

സ്റ്റോൺ ടൗണിൽ 1946 സെപ്റ്റംബർ 5നായിരുന്നു ഫ്രെഡ്ഡിയുടെ ജനനം. കുട്ടിയായിരിക്കെ സ്റ്റോൺ ടൊണിലെ ഒരു സൗരാഷ്ട്രിയൻ ക്ഷേത്രത്തിൽ വച്ചാണത്രെ ഫ്രെഡ്ഡി ആദ്യമായി പാടിയത്. അന്ന് സാൻസിബാറിൽ 300 ഓളം പാഴ്സി വംശജർ ഉണ്ടായിരുന്നു. ഇന്ന് അവരിൽ വിരലിലെണ്ണാവുന്നവർ മാത്രം. പാഴ്സികൾ ഉപയോഗിച്ചിരുന്ന ആ പഴയ സൗരാഷ്ട്രിയൻ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടിട്ട് വർഷങ്ങളേറെയായി. 1960കളുടെ തുടക്കത്തിലാണ് ഫ്രെഡ്ഡി ലണ്ടനിലേക്ക് ചേക്കേറുകയും പത്ത് വർഷത്തിനുള്ളിൽ തന്നെ ക്വീൻ ബാൻഡ് രൂപീകരിക്കുകയും ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ റോക്ക് ബാൻഡുകളുടെ കൂട്ടത്തിലെ ഇതിഹാസ പദവി ക്വീൻ സ്വന്തമാക്കി. പിന്നീട് ഫ്രെഡ്ഡി സാൻസിബാറിൽ എത്തിയിട്ടില്ല.

2002ൽ ഫ്രെഡ്ഡി താമസിച്ചിരുന്ന വീട് സാൻസിബാറിയൻ ബിസിനസുകാരനായ ജാവേദ് ജഫെർജി ഒരു ചെറിയ സ്മാരകമാക്കി മാറ്റി. ഏകദേശം 2 ദശാബ്ദങ്ങൾക്ക് ശേഷം ബൊഹമിയൻ റാപ്സൊഡി റിലീസ് ആയതോടെയാണ് സ്മാരകം പച്ച പിടിപ്പിക്കാനുള്ള ആലോചന തുടങ്ങി. ഇതിനിടെയാണ് ക്വീൻ ബാൻഡിലെ ഗിറ്റാറിസ്റ്റ് ആയിരുന്ന ബ്രയാൻ മേ ഇവിടെ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ഫ്രെഡ്ഡി ജനിച്ച വീടിന് മുന്നിൽ നിന്നും ബ്രയാൻ ചിത്രങ്ങൾ എടുക്കുകയും അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഫ്രെഡ്ഡിയുടെ ഈ വീടിനെ പറ്റി ലോകമറിയാനായി അങ്ങനെ ക്വീൻ പ്രൊഡക്ഷൻ ലിമിറ്റഡുമായി സഹകരിച്ച് ജാവേദ് ജഫെർജിയും സുഹൃത്തും ഫ്രെഡ്ഡിയുടെ ആരാധകനുമായ ആൻഡ്രേ ബോയെറൊയും ചേർന്ന് ' മെർക്കുറി ഹൗസി'നെ ഒരു മ്യൂസിയമാക്കി മാറ്റി. 2019 നവംബർ 24ന് ഫ്രെഡ്ഡി മെർക്കുറിയുടെ 28ാം ചരമ വാർഷിക ദിനത്തിലാണ് ഈ മ്യൂസിയം തുറന്നത്. ലോകത്തെ ആദ്യത്തെ ഫ്രെഡ്ഡി മെർക്കുറി മ്യൂസിയം കൂടിയാണിത്.

എന്നാൽ ഈ വർഷം മാർച്ചിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ മ്യൂസിയം അടയ്‌ക്കേണ്ടി വന്നു. സ്റ്റോൺ ടൗണിൽ ഫ്രെഡ്ഡി തന്റെ കുട്ടിക്കാലം ചെലവഴിച്ചിരുന്ന പ്രദേശങ്ങളിലൂടെയുള്ള ' മെർക്കുറി ടൂർ ' എന്ന ഗൈഗഡ് വോക്കിംഗ് ടൂർ പദ്ധതി തുടങ്ങാനിരിക്കെയാണ് കൊവിഡിന്റെ വരവ്. കൊവിഡ് കാലമൊക്കെ കഴിഞ്ഞ് എല്ലാം പഴയ സ്ഥിതിയിലാകുമ്പോൾ ഫ്രെഡ്ഡിയുടെ ഓർമകളുറങ്ങുന്ന ഇവിടേക്ക് സന്ദർശകരെത്തുമെന്ന കാത്തിരിപ്പിലാണ് മ്യൂസിയം അധികൃതർ.

freddie-mercury