മുടപുരം: ആറ്റിൽ നിന്ന് പാടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നതിനാൽ മുടപുരം, വലിയചിറ, ചേമ്പുംമൂല മേഖലളിലെ കർഷകർ പ്രതിസന്ധിയിലാണ്. ഇത്തരത്തിൽ വർഷം തോറും ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. ചിറയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടിമൂട് ആറ്റിൽ സ്ഥിതി ചെയ്യുന്ന രണ്ട് തടയിണകൾക്ക് സംഭവിച്ച തകരാറാണ് നെൽപ്പാടത്ത് ഉപ്പ് വെള്ളം കയറാൻ കാരണം. കായലിൽ നിന്നുള്ള ഉപ്പ് വെള്ളം വലിയചിറ, മുടപുരം, ചേമ്പുംമൂല, ഏലായിലേക്ക് വരുന്നത് മഞ്ചാടിമൂട് നാറാങ്ങവട്ടം തോട് വഴിയാണ്. ഈ സമയം ഷട്ടറുകൾ താഴ്ത്തി ഉപ്പ് വെള്ളം കയറുന്നത് തടയേണ്ടതാണ്. എന്നാൽ ഒരു ഷട്ടറിന്റെ പലകകളും മറ്റും നശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് ശരിയാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ചീത്തയായ മറ്റൊരു ഷട്ടർ ലക്ഷങ്ങൾ മുടക്കി പുനർനിർമ്മിച്ചെങ്കിലും ഉപ്പുവെള്ളം എത്തിയ സമയം അവ അനധികൃതമായി തുറന്നതുമൂലം നെൽപ്പാടങ്ങളിൽ ഉപ്പ് വെള്ളം കയറി കൃഷി നശിക്കുകയായിരുന്നു.
കർഷകരുടെ ആവശ്യം
.
ചിറയിൻകീഴ്, കിഴുവിലം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ആറ്റുവരമ്പിൻ തിട്ട തോട്ടിൽ പുതിയ തടയണ നിർമ്മിക്കണം
ചേമ്പുംമൂല ഏലായിലെ തോടിന്റെ തകർന്ന ഭാഗത്ത് സൈഡ് വാൾ നിർമ്മിച്ചാൽ ആ ഭാഗത്ത് ഉപ്പു വെള്ളം കയറുന്നത് തടയാം.
ഇതിനു പുറമെ ചേമ്പുംമൂല ഏലായിലെ തകർന്ന അരിക് തോടുകൾ പുനർനിർമ്മിക്കണം
മഞ്ചാടിമൂട് നാറാങ്ങവട്ടം തോടിന്റെ കൈവഴികളായ കണ്ടുകൃഷി തോട്ടിലും മണലിൽ തോട്ടിലും തടയണകളും സൈഡ് വാളും നിർമ്മിക്കണം
ട്രാക്ടർ, കൊയ്ത്തുയന്ത്രം തുടങ്ങിയവ പാടത്ത് ഉറക്കുന്നതിനും കാലികളെ തോട്ടിൽ ഇറക്കുന്നതിനും മറ്റുമായി വിവിധ ഭാഗങ്ങളിൽ റാമ്പുകളും വേണം
ഉപ്പുവെള്ളം കയറുന്നത് ഇങ്ങനെ
രണ്ടാംവിള സമയത്താണ് ആറ്റിൽ നിന്നു ഉപ്പ് വെള്ളം നെൽപ്പാടങ്ങളിൽ കയറുന്നത്. ഇപ്പോൾ ഒന്നാംവിള കൃഷിയിറക്കുന്നതിനായി കർഷകർ ഞാറ്റടികളിൽ വിത്ത് പാകിയിരിക്കുകയാണ്. ഇപ്പോൾ വെള്ളം പാടത്തു നിന്ന് തോട് വഴി ആറ്റിലേക്കാണ് ഒഴുകുന്നത്. രണ്ടാംവിള സമയമാകുമ്പോൾ ആറ്റിൽ നിന്നു ഉപ്പ് വെള്ളം ഏലായിലേക്ക് കയറും. അതുവഴിയാണ് കർഷകർക്ക് നഷ്ടമുണ്ടാകുന്നത്.
തടയണ നിർമ്മിക്കുമെന്ന്
മുടപുരം , ചേമ്പുംമൂല വലിയചിറ പാടശേഖരങ്ങളിൽ ഉപ്പ് വെള്ളം കയറാതിരിക്കുവാനും ജലസേചന സൗകര്യം ഒരുക്കുന്നതിനുമായി നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം സദ്യാലയത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തടയണകൾ നിർമ്മിക്കാനും തോട്ടിൽ സൈഡ് വാൾ നിർമ്മിക്കാനും ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. കണ്ടുകൃഷി കുളം നവീകരിക്കുന്നതിന് നിർദ്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ലിപിമോൾ, കൃഷി ഓഫീസർ അബിത, ജോയിന്റ് ബി.ഡി.ഒ രാജീവ്, ഇറിഗേഷൻ വകുപ്പ് ജീവനക്കാർ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.