kseb-

റോഡിലൂടെ വെറുതേ നടന്നുപോകുന്നവന്റെ കരണത്തടിച്ചശേഷം, അയ്യോ തെറ്റുപറ്റിപ്പോയി ക്ഷമിക്കണം എന്നു പറയുന്നതുപോലെയാണ് വൈദ്യുതി ബോർഡിന്റെ ലോക്ക് ഡൗൺ കാലത്തെ വൈദ്യുതി ബിൽ. ഉപഭോക്താക്കളുടെ മേൽ അധിക ഭാരം അടിച്ചേല്പിക്കുന്നതിൽ എക്കാലത്തും മുന്നിൽ നിൽക്കുന്ന വൈദ്യുതി ബോർഡ് ഈ ദുരിതകാലത്തും അക്ഷരാർത്ഥത്തിൽ അവരെ പിഴിയുകയാണ്. കൊവിഡ് ഭീതിയിൽ മാർച്ചിനു ശേഷം മീറ്റർ റീഡിംഗ് നടന്നിരുന്നില്ല. മുൻ മാസത്തെ ശരാശരി ഉപഭോഗം കണക്കാക്കിയുള്ള ബില്ലാണ് തുടർന്നു നൽകിയത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ മീറ്റർ റീഡിംഗ് എടുത്തപ്പോൾ പലരുടെയും ഉപഭോഗം അധികരിച്ചതായിട്ടാണ് കണ്ടത്. ഇത് സ്വാഭാവികവുമാണ്. രണ്ടു മാസത്തിലൊരിക്കൽ റീഡിംഗ് എടുത്തിരുന്നപ്പോൾ ഉപഭോഗം വർദ്ധിക്കാതിരിക്കാൻ പലരും നിഷ്‌കർഷ പുലർത്തിയിരുന്നു. സ്ളാബ് അനുസരിച്ചുള്ള തുകയിൽ ഉപഭോഗം ഒതുക്കിനിറുത്താൻ ശ്രമിക്കുന്നവരാണ് അധികവും. ഉപഭോഗം 250 യൂണിറ്റ് കടന്നാൽ അമിതഭാരം താങ്ങേണ്ടിവരുമെന്നു നിശ്ചയമുള്ളവരാണവർ. ഇപ്പോൾ സംഭവിച്ചതാകട്ടെ മൂന്നര മാസത്തെ ഉപഭോഗം ഒന്നിച്ചു കണക്കാക്കി ഉയർന്ന നിരക്ക് ബാധകമാക്കി ബിൽ നൽകിയിരിക്കുകയാണ്. ബിൽ നിർണയത്തിലെ ഈ അപാകതയാണ് നാടൊട്ടുക്കും വൈദ്യുതി ബോർഡിനെതിരെ തിരിയാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. അറിയാതെയൊന്നുമല്ല, ബോർഡിലെ കുശാഗ്രബുദ്ധികൾ അറിഞ്ഞുകൊണ്ടു തന്നെ നടത്തുന്ന ഗൂഢാലോചനയായേ ഇതിനെ കാണാനാവൂ. കാരണം കെടുകാര്യസ്ഥത കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താൻ ബോർഡിന് എന്നും അധിക വരുമാനം ആവശ്യമാണ്. അതിന് ഉപഭോക്താക്കളെ പിഴിയുക എന്ന ഏക അജണ്ടയാണ് എപ്പോഴും നടപ്പാക്കുന്നത്. ഇപ്പോഴും പ്രവർത്തന നഷ്ടം നികത്താനെന്ന പേരിൽ പുതിയൊരു സർച്ചാർജ് അടിച്ചേല്പിക്കാനുള്ള നീക്കത്തിലാണ് ബോർഡ്. അതിന്റെ കൂടെയാണ് ലോക്ക് ഡൗൺ ബില്ലുകൾ വഴി കൂടം കൊണ്ടുള്ള വലിയ പ്രഹരം.

ബില്ലിലെ അപാകത ചൂണ്ടിക്കാണിച്ചാൽ സെക്‌ഷൻ ഓഫീസുകളിൽ അതു പരിഹരിക്കാനുള്ള സംവിധാനം ഉണ്ടെന്നാണ് പരാതികൾ വ്യാപകമായപ്പോൾ ബോർഡ് ചെയർമാൻ പ്രതികരിച്ചത്. എന്നാൽ എങ്ങനെ ഇത്രയധികം പരാതികൾ ഉണ്ടായി എന്ന കാര്യം അന്വേഷിക്കാനുള്ള ചുമതല ചെയർമാൻ ഉൾപ്പെടെയുള്ള ബോർഡിലെ ഉന്നതന്മാർക്കില്ലേ? രണ്ടാഴ്ചയോളമായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച് പരാതി ഉയരുന്നുണ്ട്. സംഭവിച്ച തെറ്റ് തിരുത്തി പുതിയ ബില്ലുകൾ നൽകാൻ നടപടി എടുക്കുന്നതിനു പകരം പരാതിയുള്ളവരൊക്കെ സെക്‌ഷൻ ഓഫീസുകളിൽ വരൂ എന്നു പറയുന്നതിലെ ഉത്തരവാദിത്വമില്ലായ്മയും ധാർഷ്ട്യവും തന്നെയാണ് ഇവിടത്തെ പ്രശ്നം. റീഡിംഗ് മുടങ്ങിയതു കൊണ്ടാണ് പലരുടെയും ഉപഭോഗം 250 യൂണിറ്റും കടന്നു പോയതെന്ന് മറ്റാരെയുംകാൾ ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയേണ്ടതായിരുന്നു. ബിൽ തുക നിശ്ചയിച്ചപ്പോൾ ഈ യാഥാർത്ഥ്യം കണക്കിലെടുക്കാത്തതാണ് പ്രശ്നമായത്. കൂടുതൽ ഉപയോഗത്തിന് കൂടുതൽ നിരക്ക് എന്ന ബില്ലിംഗ് രീതി പിന്തുടരുന്ന ബോർഡ് കൊവിഡാനന്തര മീറ്റർ റീഡിംഗ് അതനുസരിച്ച് ക്രമപ്പെടുത്തുകയാണു ചെയ്യേണ്ടിയിരുന്നത്. ഉപഭോക്താക്കൾ അറിയാതെ സംഭവിച്ച സ്ളാബ് മാറ്റത്തിന് അവരെ ശിക്ഷിക്കുന്നത് സാമാന്യ നീതിക്കു നിരക്കാത്തതാണ്.

പരാതിയുള്ളവർ ബില്ലുമായി ഹാജരായാൽ പരിശോധിച്ചു വേണ്ടതു ചെയ്യാമെന്നു പറയുന്നത് ഒരുതരത്തിലുള്ള ഒഴിഞ്ഞുമാറലാണ്. അധികം പേർ ഈ കൊവിഡ് കാലത്ത് സെക്‌ഷൻ ഓഫീസുകളിൽ ചെല്ലുകയില്ലെന്ന് അവർക്കു നല്ല ബോദ്ധ്യമുണ്ട്. സാമാന്യം വലിയ തുകയല്ലെങ്കിൽ ശപിച്ചുകൊണ്ട് അത് ഉപേക്ഷിക്കാനും പലരും തയ്യാറായെന്നുവരും. അപ്പോഴും ലാഭം ബോർഡിനു തന്നെ.

സർക്കാരിനെയും ബോർഡിനെയും പോലെ ജനങ്ങളും കടുത്ത പണ ഞെരുക്കത്തിലും കഷ്ടപ്പാടിലുമാണെന്ന കാര്യം മറക്കരുത്. ഉപഭോക്താക്കൾക്ക് പരമാവധി ഇളവുകൾ നൽകേണ്ടതിനു പകരം അവരുടെ കുത്തിനു പിടിച്ച് അധിക നിരക്ക് ഈടാക്കാൻ ശ്രമിക്കുകയാണ്. ഉപയോഗിക്കുന്ന വൈദ്യുതിക്കു മാത്രമാണ് ചാർജ് ഈടാക്കുന്നതെങ്കിൽ സഹിക്കാമായിരുന്നു. ഫിക്സഡ് ചാർജ്, മീറ്റർ വാടക, ഡ്യൂട്ടി, സർച്ചാർജ് തുടങ്ങിയ ഇനങ്ങളിലും നല്ലൊരു തുക പിഴിഞ്ഞെടുക്കുകയാണ്. ഏത് ഉത്‌പന്നത്തിനും സേവനത്തിനും നിശ്ചിതമായ വിലയുണ്ടാകും. ഇവിടെ വൈദ്യുതിയുടെ കാര്യത്തിൽ മാത്രമാണ് അതില്ലാത്തത്. ഉപഭോക്താവ് സ്വന്തമായി വാങ്ങിവച്ച മീറ്ററാണെങ്കിലും ബോർഡിന് മാസാമാസം വാടക കൊടുക്കണം. ഫിക്സഡ് ചാർജ് എന്ന പേരിൽ ഓരോ ബില്ലിലും തുക ഈടാക്കുന്നതിനു പിന്നിലെ യുക്തിയും അജ്ഞാതമാണ്. അതുപോലെ ഉപയോഗം 250 യൂണിറ്റിൽ അധികമായാൽ ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും 5.80 രൂപ നിരക്കിൽ നൽകണമെന്ന വ്യവസ്ഥയും ബോർഡിന്റെ വരുമാനം കൂട്ടാൻ ഉദ്ദേശിച്ചുള്ളതാണ്. ഇതു ഗാർഹിക ഉപഭോക്താക്കളുടെ കാര്യം. വാണിജ്യാവശ്യത്തിനുള്ള വൈദ്യുതിക്ക് ഇതിലും എത്രയോ അധികമാണു നൽകേണ്ടിവരുന്നത്.

എത്രയൊക്കെ അധികം ഈടാക്കിയിട്ടും ബോർഡിന്റെ നഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത. നിരക്കുകൾ കൂടുന്നതിനൊപ്പം പ്രവർത്തനച്ചെലവും നഷ്ടവും കൂടുകയാണ്. ഓരോ സന്ദർഭത്തിലും നിരക്കു വർദ്ധനയ്ക്കായി ബോർഡ് റഗുലേറ്ററി കമ്മിഷനെ സമീപിക്കേണ്ടിവരുന്നു. ബോർഡിന്റെ ആവശ്യം സാധിച്ചുകൊടുക്കാൻ കമ്മിഷൻ പലപ്പോഴും നിർബന്ധിതമാകുന്നു. എല്ലാ സന്ദർഭങ്ങളിലും നഷ്ടം സഹിക്കേണ്ടിവരുന്നത് ഉപഭോക്താക്കൾ മാത്രം. ജനരോഷം കൂടുതൽ മൂർച്ഛിക്കുന്നതിനു മുൻപ് അധിക തുകയുടെ ബില്ലുകൾ പിൻവലിച്ച് യഥാർത്ഥ ഉപഭോഗം കണക്കാക്കി പുതിയ ബില്ല് നൽകാൻ ബോർഡിന് സർക്കാർ നിർദ്ദേശം നൽകണം.