ദുബായ്: സൗദിയിൽ മൂന്ന് പേരടക്കം ഗൾഫിൽ നാല് മലയാളികൾ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം തൃക്കലങ്ങോട്ട് സ്വദേശി അബ്ദുൾ ലത്തീഫ്, പാലക്കാട് പുതുക്കോട് സ്വദേശി രാജൻ എന്നിവർ ദമാമിലും കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുൽ ഹമീദ് റിയാദിലുമാണ് മരിച്ചത്.
അമ്പതുകാരനായ അബ്ദുൾ ഹമീദ് കൊവിഡ് സ്ഥിരീകരിച്ച് കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. 42 കാരനായ അബ്ദുൽ ലത്തീഫിന് കൊവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. പ്രമേഹരോഗിയായ 56കാരൻ രാജൻ ഒന്നര ആഴ്ചയായി ദമാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 61 ആയി.
മലപ്പുറം കോഡൂർ സ്വദേശി കൂട്ടപ്പുലാൻ സൈതലവി കുവൈത്തിലാണ് മരിച്ചത്. 57കാരനായ സൈതലവി രണ്ടാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 208 ആയി.