suicide-

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽകോളേജിൽ ആത്മഹത്യക്ക് ശ്രമിച്ചകൊവിഡ് രോഗി മരിച്ചു. ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് മരിച്ചത്. ഇന്നുരാവിലെ ഐസൊലേഷൻ വാർഡിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉച്ചയോടെയായിരുന്നു മരണം.

കഴിഞ്ഞദിവസം ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷൻ വാർഡിൽ നിന്ന്പുറത്തിറങ്ങിയ ഇയാൾ കെ.എസ്.ആർ.ടി.സി ബസിൽ കയറി ആനാട് വരെ എത്തിയെങ്കിലും നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഇയാളെ പിടികൂടി ആശുപത്രിയിൽ തിരികെ എത്തിക്കുകയായിരുന്നു.

കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാൾക്ക് കഴിഞ്ഞമാസം 29നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് മദ്യം വാങ്ങാൻ പോയപ്പോഴാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് അധികൃതർ പറയുന്നത്.അവസാന പരിശോധനയിൽ ഫലം നെഗറ്റീവായതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇയാൾ പുറത്തിറങ്ങിയത്.രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇയാൾക്ക് ആശുപത്രി വിടാമായിരുന്നു.


കടുത്ത മദ്യാസക്തിയുള്ള ഇയാൾ മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ആശുപത്രി ജീവനക്കാരോട് ഇയാൾ നിസ്സഹകരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

കൊവിഡ് രോഗി ആത്മഹത്യചെയ്യാനിടയായത് മെഡിക്കൽകോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്നലെ ഈ രോഗി ചാടിപ്പോയിട്ടും ബന്ധപ്പെട്ടവർ അറിഞ്ഞിരുന്നില്ല. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.തുടർന്ന് കൊവിഡ് വാർഡിൽ സുരക്ഷ കർശനമാക്കിയിരുന്നു.ഇതിനിടെയാണ് രോഗി ജീവനൊടുക്കിയത്.

നേരത്തേയും ഇവിടെ കഴിഞ്ഞിരുന്ന രോഗികൾ വാർഡിൽ നിന്ന് മുങ്ങിയിരുന്നു.