കടയ്ക്കാവൂർ: ചിറയിൻകീഴ് താലൂക്കിൽ പ്രൈവറ്റ് ബസ് ജീവനക്കാർ പട്ടിണിയിൽ. ലോക്ക് ഡൗൺ ആരംഭിച്ചതോടെയാണ് ഇവരുടെ കഷ്ടകാലം തുടങ്ങിയത്. താലൂക്കിൽ നാലായിരത്തോളം ജീവനക്കാരാണുള്ളത്. ഇവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളും കഴിഞ്ഞ 78 ദിവസങ്ങളായി പട്ടിണിയിലാണ്. ക്ഷേമനിധിയിൽ അംഗത്വമുള്ള തൊഴിലാളികൾക്ക് മാത്രം ക്ഷേമനിധി ബോർഡിൽ നിന്നും അയ്യായിരം രൂപ വീതം ധനസഹായം ലഭിച്ചിരുന്നു. എന്നാൽ 80 ശതമാനം തൊഴിലാളികളും ക്ഷേമനിധിയിൽ അംഗത്വമില്ലാത്തവരാണ്. മിക്ക ബസ് മുതലാളിമാരും ക്ഷേമനിധിയിൽ തൊഴിലാളികളല്ലാത്ത ബന്ധുക്കളെയും പരിചയക്കാരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ലേബർ ഡിപ്പാർട്ടുമെന്റിൽ നിന്നും ഇതുവരെ അന്വേഷണങ്ങൾ നടക്കാത്തതാണ് ഇതിന് കാരണമെന്ന് അറിയുന്നത്. ആർ.കെ.വി പോലുള്ള കമ്പനി ബസ് ജീവനക്കാർക്ക് പി.എഫ് ആണ്. ഇവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. യാത്രക്കാർക്ക് ഏറ്റവും കൂടുതൽ ആശ്രയമായിരുന്ന പ്രൈവറ്റ് ബസ് ജീവനക്കാർക്ക് അടിയന്തര സഹായമുണ്ടായില്ലെങ്കിൽ പട്ടിണി മരണങ്ങൾക്ക് ഇടവരുമെന്ന ആശങ്കയിലാണ് ബസ് ജീവനക്കാർ.
ലോക്ക്ഡൗൺ ആരംഭിച്ചതോടെ പ്രൈവറ്റ് ബസ് ജീവനക്കാരെ സർക്കാർ മറന്നിരിക്കയാണ്. ഈ കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധയുണ്ടാകണം.
റോയി, കായിക്കര, സി.ഐ.ടി.യു, ആറ്റിങ്ങൽ യൂണിയൻ വൈസ് പ്രസിഡന്റ്