കിളിമാനൂർ: സംസ്ഥാന പാതയായ എം.സി റോഡിൽ കോടികൾ ചെലവിട്ട് സുരക്ഷിത ഇടനാഴി റോഡ് നിർമാണ പദ്ധതി പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം മുതൽ അടൂർ വരെ നിർമ്മിക്കുന്ന ഇടനാഴി റോഡിന് കോടികളാണ് ചെലവ്. റോഡും ഇരുവശങ്ങളിലും ഓടകളും നടപ്പാതകളും സംരക്ഷണ വേലികളും നിർമ്മിക്കാനാണ് പദ്ധതി. കിളിമാനൂർ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ വാഹന പാർക്കിംഗിന് സൗകര്യം ഒരുക്കാനും പദ്ധതി ഉണ്ടായിരുന്നു. ഓട നിർമ്മാണവും നടപ്പാത നിർമ്മാണവുമൊക്കെ കഴിഞ്ഞ് റോഡ് മുഖം മിനുക്കിയെങ്കിലും കിളിമാനൂർ ജംഗ്ഷനിൽ നിലവിലുണ്ടായിരുന്ന സ്ഥലം പോലും ഇല്ലാത്ത അവസ്ഥയാണ്. നടപ്പാതയും സുരക്ഷാ വേലിയും സ്ഥാപിച്ചതോടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിലായതിനാൽ ഗതാഗതകുരുക്കും രൂക്ഷമായി. ഓടകളുടെ അശാസ്ത്രീയമായ നിർമ്മാണംമൂലം കിളിമാനൂരിലെ പാപ്പാല, കരേറ്റ് മുതലായ പ്രദേശങ്ങളിൽ മഴ പെയ്തതോടെ റോഡിൽ കഴുത്തറ്റം വെള്ളമാണ്. സംസ്ഥാന പാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന കാരേറ്റ് മുതൽ തട്ടത്തുമല വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ സിഗ്നൽ ലൈറ്റും, സുരക്ഷാ ബോർഡും വേണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. ഇപ്പോഴും നിരവധി അപകടങ്ങളാണ് ദിനം പ്രതി നടക്കുന്നത്. സുരക്ഷാ ഇടനാഴി പദ്ധതിക്ക് സുരക്ഷ പോരന്നാണ് പൊതുജനാഭിപ്രായം.
പ്രധാന പ്രശ്നങ്ങൾ
അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം റോഡിലൂടെ ജലം ഒഴുകുന്നു
വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ തുടങ്ങി പ്രധാന ജംഗ്ഷനുകളിൽ പാർക്കിംഗ് സൗകര്യം ഇല്ല.
മഴക്കാലത്ത് വയ്യേറ്റ്, കാരേറ്റ്, കിളിമാനൂർ പാപ്പാല പ്രദേശത്ത് റോഡിൽ വെള്ളക്കെട്ട്.
നിരന്തരം അപകടം നടക്കുന്ന വയ്യേറ്റ്, കുറവൻ കുഴി, ശില്പാ ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റ് വേണം.
അപകടമേഖലയായ പൊരുന്തമൺ, മണലേത്തു പച്ച എന്നിവിടങ്ങളിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണം.