death

തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയത് മകൻ അശ്വിൻ തനിച്ചാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവ ദിവസം രാവിലെ ഇവർക്ക് മദ്യം വാങ്ങി നൽകിയ അയൽവാസി സതി ഇവ‌ർക്കൊപ്പം മദ്യപിക്കാനോ സംഭവസമയത്തോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വീടിന് മുന്നിലെ റോഡിൽ വച്ച് മദ്യം അശ്വിന് കൈമാറി ഇയാൾ തിരികെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളിലും ഇയാളുടെ വീട്ടുകാരുടെയും അയൽവാസികളുടെയും മൊഴികളിലും നിന്ന് ഇക്കാര്യം സ്ഥിരീകരിച്ചതിന് പുറമേ വീട്ടിനുള്ളിൽ ഫോറൻസിക് വിഭാഗം നടത്തിയ ശാസ്ത്രീയ പരിശോധനയിലും പുറത്ത് നിന്നാരുടെയും സാന്നിദ്ധ്യം കണ്ടെത്താത്ത സാഹചര്യത്തിലാണ് സതിക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് ഉറപ്പിച്ചത്.

രാവിലെ പതിനൊന്നെരയോടെയാണ് മദ്യം വാങ്ങാൻ അശ്വിൻ അയൽവാസിയായ സതിയുടെ സഹായം തേടിയത്. സതിയെ മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും അശ്വിനും അച്ഛനും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാകാറുള്ളതിനാൽ സതി ക്ഷണം നിരസിച്ചു. സതി മദ്യം എത്തിച്ചുകൊടുത്തതിന് പിന്നാലെ അശ്വിനും ജയമോഹൻതമ്പിയും വീട്ടിനുള്ളിൽ ഒരുമിച്ച് മദ്യപിക്കാൻ തുടങ്ങി. വീണ്ടും മദ്യം വാങ്ങാൻ അശ്വിൻ അച്ഛനോട് പണം ആവശ്യപ്പെട്ടെങ്കിലും പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

കുവൈത്തിൽനിന്ന് തിരിച്ചെത്തിയ അശ്വിനും ജയമോഹൻ തമ്പിയും ലോക്ക്ഡൗൺ കാലത്തെ ഇടവേളയ്ക്ക് ശേഷം മദ്യശാലകൾ തുറന്നതോടെയാണ് വീണ്ടും മദ്യപാനം തുടങ്ങിയത്. ഇവരുടെ മദ്യപാനവും വഴക്കും കാരണമാണ് അശ്വിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. തമ്പിയുടെ എടിഎം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നതും അശ്വിനായിരുന്നു. മദ്യലഹരിയിൽ പെട്ടെന്നുണ്ടായ കയ്യാങ്കളിയും പ്രകോപനവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിലുണ്ടായ അക്രമത്തെപ്പറ്രി അനുജനെ വിളിച്ചറിയിച്ചതായും വിവരമറിഞ്ഞെങ്കിലും സംഭവം അന്വേഷിക്കാൻ അയാൾ കൂട്ടാക്കിയില്ലെന്നും അശ്വിൻ വെളിപ്പെടുത്തി.

അശ്വിനും അച്ഛനും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുള്ളത് പതിവായതിനാലാണ് ഫോൺ കോൾ അവഗണിച്ചതെന്നാണ് ഇത് സംബന്ധിച്ച് സഹോദരൻ പൊലീസിനോട് വെളിപ്പെടുത്തിയത്. പിന്നീട് രണ്ട് ദിവസം ആട്ടോക്കാരുടെ സഹായത്തോടെ മദ്യം വരുത്തി ഫിറ്റായി കഴിയുകയായിരുന്നു അശ്വിൻ. തിങ്കളാഴ്ച കുടുംബശ്രീ പ്രവർത്തകർ വീട്ടിൽ മാലിന്യം ശേഖരിക്കാനെത്തിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ അശ്വിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സതിയെ ബന്ധുക്കളെ വരുത്തി വിട്ടയച്ചതായി പൊലീസ് അറിയിച്ചു.