nigeria

അബുജ: വടക്ക് കിഴക്കൻ നൈജീരിയയിലുണ്ടായ ജിഹാദിസ്റ്റ് ആക്രമണത്തിൽ 69 പേർ കൊല്ലപ്പെട്ടു. ബോർണോ സംസ്ഥാനത്തെ ഗൂബിയോ ജില്ലയിലുള്ള ഒരു വിദൂര ഗ്രാമത്തിലാണ് ആക്രമണം നടന്നത്. മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെത്തിയ തീവ്രവാദികൾ എ.കെ 47 തോക്കുകളുപയോഗിച്ച് ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

ഗ്രാമത്തിലെ 1,200 കന്നുകാലികളെയും ഒട്ടകങ്ങളെയും ഇവർ തട്ടിയെടുത്തു. ആക്രമികൾ ഗ്രാമം തകർത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ബൊക്കൊ ഹറാമാണ് പിന്നിലെന്നാണ് വിവരം. ഇവിടുത്തെ തീവ്രവാദികളെ പറ്റി ഗ്രാമീണർ സുരക്ഷാസേനയ്ക്ക് സന്ദേശം കൈമാറുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നുള്ള പ്രതികാര നടപടിയായാണ് ആക്രമണമെന്ന് സൂചനയുള്ളതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ നൈജീരിയയുടെ വടക്ക് കിഴക്കൻ പ്രവിശ്യകളിൽ ബൊക്കൊ ഹറാം തീവ്രവാദികളും ഐസിസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സംഘടനകളും ആക്രമണങ്ങൾ നടത്തിയിരുന്നു.