vld-1

വെള്ളറട: നിലമാംമൂട്-അഞ്ചുമരങ്കാല റോഡിന്റെ നവീകരണ ജോലികൾ ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണി തീരാത്തതിലും ജോലികൾ മന്ദഗതിയിൽ നീങ്ങുന്നതിലും കനത്ത പ്രതിഷേധവുമായി നാട്ടുകാർ. നവീകരണ പ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിൽ നടക്കുന്നതിനാൽ ഈ റോട്ടിൽ കുണ്ടിനും കുഴിക്കും യാതൊരു പഞ്ഞവുമില്ല. റോട്ടിലെ വൻകുഴികളിലുണ്ടാകുന്ന വെള്ളക്കെട്ട് കാരണം വാഹനങ്ങൾ പോയിട്ട് കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. സി.കെ. ഹരീന്ദ്രൻ എം.എൽ.യുടെ ശ്രമഫലമായി ഏഴ് കിലോമീറ്ററോളമുള്ള നിലമാംമൂട്,​ കുടയാൽ,​ മുള്ളിലവിള,​ അഞ്ചുമരങ്കാല വരെ രണ്ടുഘട്ടമായി ആധുനിക രീതിയിലുള്ള റോഡുനിർമ്മാണത്തിന് പൊതുമരാമത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിലമാംമൂട് മുതൽ കുടയാൽ വരെ മൂന്ന് കിലോമീറ്റർ നവീകരണ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി നിമ്മാണപ്രവർത്തനത്തിന് ആറ് കോടി രൂപ അനുവദിച്ചിരുന്നു. ജനുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ അരംഭിച്ചിരുന്നെങ്കിലും ഇപ്പോഴും തുടങ്ങിയ ഇടത്തുതന്നെയാണ് പണികൾ. അതിനാൽ ഇതുവഴിയുള്ള കാൽനടയാത്രക്കാരും വാഹന യാത്രകാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കരാറുകാർ റോഡ് പണിക്ക് ആവശ്യമായ തൊഴിലാളികളെ വയ്ക്കാതെയാണ് പണിനടത്തുന്നതെന്ന ആക്ഷേപവും ജനങ്ങൾക്കിടയിലുണ്ട്. രണ്ടാം ഘട്ടം കുടയാലിൽ നിന്നും മുള്ളിലവുവിള വഴി അഞ്ചുമരങ്കാലയാണ് അവസാനിക്കേണ്ടത്. കുടയാൽ മുള്ളിലവുവിള ഭാഗങ്ങളിൽ മഴ തുടങ്ങിയതോടെ വൻ വെള്ളക്കെട്ടാണ്. പലരും ഓടകൾ അടച്ച് മതിൽ കെട്ടിയതുകാരണം റോഡിലെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇതു പരിഹരിച്ച് റോഡ് നിർമ്മാണം തുടങ്ങുന്നതും കാത്തിരിക്കുകയാണ് പ്രദേശവാസികൾ.