തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സർക്കാർ മുന്നോട്ടുപോകരുതെന്നും അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ നിന്നും സർക്കാർ പിൻതിരിയണമെന്നും കാണിച്ച് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു.
കത്തിന്റെ പൂർണ രൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നു. മാറിമാറിവന്ന സർക്കാരുകളുടെകാലത്ത് ഈ പദ്ധതിയ്ക്കായി ശ്രമങ്ങൾ നടന്നെങ്കിലും ശക്തമായ ജനപ്രതിഷേധത്തെത്തുടർന്ന് അതിൽനിന്നെല്ലാം പിന്നോട്ടുപോകുകയാണുണ്ടായത്. മഹാപ്രളയത്തിൽനിന്നും പിന്നീടുണ്ടായ അതിഗുരുതരമായ പ്രകൃതി ദുരന്തങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പാരിസ്ഥിതിക സംരക്ഷണത്തിന്റെ അനിവാര്യത ബോദ്ധ്യപ്പെട്ടിട്ടും അതെല്ലാം തള്ളിക്കളഞ്ഞ് പരിസ്ഥിതിയെ പാടെതകർക്കുന്നതും ജനങ്ങൾക്ക് ദ്രോഹകരവുമായ അതിരപ്പള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതിന് യാതൊരു ന്യായീകരണവുമില്ല. ജനാത്യപത്യര്യമല്ല; മറിച്ച് സർക്കാരിലെ നിർമ്മാണലോബിയുടെയും കോൺട്രാക്ടർമാരുടെയും താത്പര്യം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നത് വ്യക്തമാണ്.
കൊവിഡിന്റെ മറയിൽ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സർക്കാർ മുന്നോട്ടുപോകരുത്. ശാസ്ത്രീയ സാങ്കേതിക പാരിസ്ഥിതിക സാമൂഹ്യ പഠനങ്ങളിലും വിലയിരുത്തലുകളിലും പ്രയോജനരഹിതവും അപ്രസക്തവുമാണെന്ന് തെളിഞ്ഞിട്ടുള്ള അതിരപ്പള്ളി പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിൽനിന്നും സർക്കാർ പിന്തിരിയണം.
അതിരപ്പള്ളി പദ്ധിതിയ്‌ക്കെതിരെ ആധികാരികമായി ഉയർന്നുവന്നിട്ടുള്ളത് പ്രധാനമായും താഴെപറയുന്ന കാരണങ്ങളാണ്.
1. ഈ പദ്ധതിയ്ക്ക് ആവശ്യമായ ജലലഭ്യത ഇല്ല.
2. പദ്ധതികൊണ്ട് ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിപ്പിക്കാനാവില്ല.
3. വൈദ്യുതി ഉല്പാദനചെലവ് കണക്കാക്കിയതിലും വളരെകൂടുതലാകും.
4. ചാലക്കുടി കീഴ്നദീതടങ്ങളിലെ കുടിവെള്ളം ജലസേചന ആവശ്യങ്ങളെ ദോഷകരമായി ബാധിക്കും.
5. ഈ മേഖലയിലെ 14,000 ഹെക്ടർ ജലസേചന സൗകര്യം ഇല്ലാതാക്കും.
6. 20ൽപരം തദ്ദേശഭരണ സ്ഥാപനങ്ങളിലെ കുടിവെള്ളലഭ്യത കുറയ്ക്കും.
7. അതിരപ്പള്ളി പദ്ധതി വരുന്നതോടെ നിറുത്തലാക്കപ്പെടുന്ന ഇടമലയാർ ആഗ് മെന്റേഷൻ സ്‌കീമിൽനിന്നും ഇപ്പോൾ ഉല്പാദിപ്പിക്കുന്ന വൈദ്യുതി നഷ്ടപ്പെടും.
8. പെരിയാറിലെ ജലലഭ്യത കുറയും.
9. ആദിവാസി സമൂഹത്തിന്റെ ജീവിതത്തെയും ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
10. അപൂർവ്വ ജീവജാലങ്ങളുടെ നിലനിൽപ്പ് ഇല്ലാതാകും.
11. ജനലക്ഷങ്ങളെ ആകർഷിക്കുന്ന അതിരപ്പള്ളി വാഴച്ചാൽ ജലപാതങ്ങളിലേയ്ക്കുള്ള നീരൊഴുക്കിന് ഗണ്യമായ കുറവുണ്ടാകും. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും.
12. സരോർജ്ജം പ്രയോജനപ്പെടുത്തി നെടുമ്പാശേരി വിമാനത്താവളം പ്രവർത്തിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ബദൽ ഊർജ്ജസ്രോതസുകൾ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. സരോർജ്ജത്തിന്റെ അനന്തസാദ്ധ്യതകളെ പൂർണ്ണമായും പ്രയോജന പ്പെടുത്തണം.
ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് കേവലം പാഴ്‌ചെലവിന് ഇടവരുത്തുന്നതും പ്രകൃതിയെ തകർക്കുന്നതുമായ ഈ ജനദ്രോഹ പദ്ധതിക്കുവേണ്ടി കെ.എസ്.ഇ.ബിയ്ക്ക് സർക്കാർ നൽകിയ അനുമതിയും ബന്ധപ്പെട്ട എൻ.ഒ.സി.യും റദ്ദാക്കണമെന്നാണ് അഭ്യർത്ഥന.