kerala-police

തിരുവനന്തപുരം: പൊലീസിന്റെ സേവനം എന്തൊക്കെയാണ്. അതുമുഴുവൻ അറിയാൻ പൊലീസ് പുതിയ ആപ്പ് പുറത്തിക്കി. POL - APP എന്നതാണ് ആപ്പിൻെറ പേര്. പ്ളേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. 27 സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ഇതിലൂടെ കിട്ടുക.

കേരള പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇ-മെയിലും ആപ്പിൽ ലഭ്യമാണ്. പ്രഥമവിവര റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. പൊലീസ് മുഖേന ലഭിക്കുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേയ്ക്ക് അടയ്ക്കാനും ആപ്പ് ഉപയോഗിക്കാം. പാസ്‌പോർട്ട് പരിശോധനയുടെ നിലവിലെ അവസ്ഥ അറിയാനും മുതിർന്ന പൗരന്മാർക്ക് ആവശ്യമായ ജനമൈത്രി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാനും ആപ്പിലൂടെ കഴിയും.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ രജിസ്റ്റർ ചെയ്ത 3 മൊബൈൽ നമ്പറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ അയയ്ക്കാൻ കഴിയും. അത്യാവശ്യഘട്ടങ്ങളിൽ ഈ നമ്പരുകളിലേയ്ക്ക് എസ് ഒ എസ് കാൾ ചെയ്യാനും സാധിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാനും വനിതകൾക്ക് ഈ ആപ്പ് മുഖേന സാധിക്കും.

വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ അക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കാനും ഈ ആപ്പ് ഉപയോഗിക്കാം. പൊലീസിന്റെ എല്ലാ സോഷ്യൽ മീഡിയ പേജുകളും ഇതിൽ ലഭിക്കും. ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ, പ്രധാനപ്പെട്ട സർക്കാർ വെബ് സൈറ്റുകളുടെ ലിങ്കുകൾ എന്നവയും ആപ്പിൽ ലഭ്യമാണ്.

ചില വിഭാഗങ്ങളിൽപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും നേരിട്ട് പൊലീസിന് അയയ്ക്കാൻ ഈ ആപ്പിലൂടെ പൊതുജനങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ അവരുടെ ഫോട്ടോ ജിയോടാഗ് ചെയ്ത് പൊലീസിന് നൽകാം. പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ അനുഭവങ്ങൾ വിവരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.