oommen-chandy
Oommen Chandy

തിരുവനന്തപുരം: അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നു നില്ക്കുമ്പോൾ, പെട്രോളിയം ഉത്പന്നങ്ങൾക്ക് കുത്തനെ വില കൂട്ടുന്ന കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി ആരോപിച്ചു.

നാല് ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും രണ്ട് രൂപയിലധികമാണ് കൂടിയത്. അന്താരാഷ്ട്ര വിപണയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനേ ഇടിഞ്ഞപ്പോൾ ,കേന്ദ്രം എക്‌സൈസ് നികുതി കൂട്ടി. അസംസ്‌കൃത എണ്ണയുടെ വില കയറുമ്പോൾ ദൈനംദിന വിലനിർണയത്തിന്റെ പേര് പറഞ്ഞ് വില കൂട്ടുന്നത് ചൂഷണമാണ്. ജനങ്ങൾക്ക് എല്ലാവിധ സാമ്പത്തിക സഹായവും ലഭ്യമാക്കേണ്ട സമയത്ത് പെട്രോൾ, ഡീസൽ വില കൂട്ടുന്നത് ക്രൂരതയാണ്. 2008ൽ എണ്ണവില ബാരലിന് 150 ഡോളർ വരെ എത്തിയപ്പോൾ നികുതി കുറച്ച് പെട്രോൾ വില 85 രൂപ കടക്കാതിരിക്കാൻ യു.പി.എ സർക്കാർ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വില കൂടിയപ്പോൾ, വർദ്ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ ആശ്വാസമാണ് ജനങ്ങൾക്കു നല്കിയതെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.