ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ (62) അന്തരിച്ചു.ചെന്നൈ ചെപ്പോക്കിലെ എം.എൽ.എ ആയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ എം.എൽ.എയാണ്. അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ.
മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം കാണമ്മാപേട്ടൈ ഇടയ്‌ക്കാട് സെമിത്തേരിയിൽ അടക്കം ചെയ്തു.
ദക്ഷിണ ചെന്നൈയിലെ ഡി.എം.കെ സെക്രട്ടറിയുമാണ്. പാർട്ടി അദ്ധ്യക്ഷൻ സ്റ്റാലിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
അൻപഴകന്റെ ഭാര്യയും മക്കളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകർന്നതെന്നാണ് നിഗമനം.
ചെപ്പോക്കിലേയും ട്രിപ്ലിക്കനിലേയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് രോഗം ഗുരുതരമായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സയോട് ശരീരം അനുകൂലമായി പ്രതികരിച്ച് തുടങ്ങിയപ്പോഴേക്കും രണ്ടുദിവസം മുമ്പ് ആരോഗ്യ നില വീണ്ടും വഷളായി. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. കരൾരോഗത്തെ തുടർന്ന് 25 വർഷം മുമ്പ് അദ്ദേഹത്തിന് കരൾമാറ്റിവച്ചിരുന്നു.
.