ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലൻഡും ഒരേ സമയത്ത് ഒരേ പോലെ കടുത്ത ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്. എന്നാൽ ഫലമാകട്ടെ രണ്ട് രാജ്യങ്ങളിലും രണ്ട് തരത്തിലും. ന്യൂസിലൻഡ് ഇപ്പോൾ കൊവിഡ് മുക്തമായിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ കൊവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുന്നു. ഏകദേശം 50 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ എളുപ്പമാണ്. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയെക്കാൾ അഞ്ച് മടങ്ങ് മുന്നിലാണ് ന്യൂസിലൻഡ്. രാജ്യം മൊത്തം അടച്ചു പൂട്ടലിലേക്ക് പോയപ്പോൾ ഇന്ത്യയേയും ന്യൂസിലൻഡിനെയും ആരോഗ്യ വിദഗ്ദ്ധർ അഭിനന്ദിച്ചിരുന്നു.
വളരെ നേരത്തെയുള്ള ഉചിതമായ തീരുമാനമെന്നാണ് ലോകാരോഗ്യ സംഘടനയടക്കം ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും നീക്കത്തെ വിശേഷിപ്പിച്ചത്. മാർച്ച് 25ന് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ആകെ 519 കൊവിഡ് കേസുകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതേ സമയം, പ്രധാനമന്ത്രി ജസീന്ത ആർഡേൻ ന്യൂസിലൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ അവിടുത്തെ കൊവിഡ് രോഗികളുടെ എണ്ണം 205 ആയിരുന്നു.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇരു രാജ്യത്തും നടപ്പാക്കി. ഇവിടെ വരെ ഇന്ത്യയും ന്യൂസിലൻഡും ഒരേ ദിശയിലാണ് നീങ്ങിയത്. എന്നാൽ പിന്നീട് രണ്ട് രാജ്യങ്ങളിലും രണ്ട് രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് കാണാൻ സാധിച്ചത്.
ഇന്ത്യയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തൊട്ടടുത്ത ദിവസം ജനുവരി 31ന് ഇന്ത്യ ചൈനയുമായുള്ള വ്യോമഗതാഗതം നിറുത്തലാക്കിയിരുന്നു. ന്യൂസിലൻഡ് ഫെബ്രുവരി 3നാണ് ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയത്. അതായത് ന്യൂസിലൻഡിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന് 25 ദിവസങ്ങൾക്ക് മുന്നേ. ചൈനയിൽ നിന്നും വരുന്ന തങ്ങളുടെ പൗരൻമാരാത്ത ആരെയും അവർ രാജ്യത്തേക്ക് പ്രവേശിപ്പിച്ചില്ല. കൊവിഡ് മുക്തമായ ഒരു രാജ്യത്ത് 14 ദിവസം ചെലവഴിച്ചതിന് ശേഷം അല്ലാതെ ചൈനയിൽ നിന്നും വരുന്നവരെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചില്ല. ന്യൂസിലൻഡ് മാർച്ച് 15ന് തങ്ങളുടെ അതിർത്തികളെല്ലാം അടച്ചു. രാജ്യത്ത് മടങ്ങിയെത്തിയ പൗരൻമാർക്ക് 14 ദിവസം ഹോം ക്വാറന്റൈൻ ഏർപ്പെടുത്തി. ഇന്ത്യ മാർച്ച് 25നാണ് അതിർത്തികളെല്ലാം അടച്ചത്. രാജ്യത്ത് മടങ്ങിയെത്തിയവർക്കും മറ്റും ഹോം ക്വാറന്റൈൻ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ ന്യൂസിലൻഡിൽ ക്വാറന്റൈൻ നിയമങ്ങൾ അക്ഷരംപ്രതി പാലിക്കപ്പെട്ടപ്പോൾ ഇന്ത്യയിൽ വ്യാപകമായി നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടു. അവശ്യ വസ്തുക്കൾ വില്ക്കുന്ന കടകൾ, ഫാർമസികൾ, ആശുപത്രികൾ തുടങ്ങിയവയായിരുന്നു ന്യൂസിലൻഡിൽ ലോക്ക്ഡൗൺ കാലയളവിൽ തുറന്ന് പ്രവർത്തിച്ചത്. വാഹനങ്ങൾ നിരത്തിലിറക്കുന്നത് കർശനമായി നിരോധിച്ചു. എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ.
ഇന്ത്യയിലും ലോക്ക്ഡൗൺ ഇളവുകൾ ഇതേ പോലെ തന്നെയായിരുന്നെങ്കിലും അവശ്യ സർവീസുകളുടെ പരിധി ന്യൂസിലൻഡിനെക്കാൾ കൂടുതലായിരുന്നു. ബാങ്കുകൾ തുറന്നു പ്രവർത്തിച്ചു. നിരവധി പേർ ബാങ്കുകളിലേക്കെത്തിയിരുന്നു. പച്ചക്കറി ചന്തകളും മറ്റും തുറന്നു പ്രവർത്തിപ്പിച്ചു. സാമൂഹ്യ അകലം പാലിക്കുക എന്നത് ഇവിടങ്ങളിൽ അപ്രായോഗികമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായ കോയമ്പേട് മാർക്കറ്റ് തന്നെ ഉദാഹരണം.
അതേ സമയം, ന്യൂസിലൻഡിലെ ലോക്ക്ഡൗൺ അതീവ നിയന്ത്രണങ്ങളോടെ ഒരു മാസം തുടർന്നു. ഇന്ത്യയിൽ മൂന്ന് ആഴ്ചകൾക്ക് ശേഷം ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങി. ഇതിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പാലായനം മറ്റൊരു പ്രശ്നമായി ഉയർന്നു. ഇരുരാജ്യങ്ങളിലും ഒരു മാസത്തിനുള്ളിൽ തന്നെ ലോക്ക്ഡൗണിന്റെ ഫലങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഏപ്രിൽ 27ന് ന്യൂസിലൻഡ് ലെവൽ 4ൽ നിന്നും ലെവൽ 3 ലേക്ക് തങ്ങളുടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. അപ്പോൾ ന്യൂസിലൻഡിൽ 1,472 കേസുകളാണ് ഉണ്ടായിരുന്നത്. അതേ സമയം, ഇന്ത്യയിൽ 31,300 കടന്നിരുന്നു. ന്യൂസിലൻഡിൽ മരണ സംഖ്യ 19 ഉം, ഇന്ത്യയിൽ 940 ഉം ആയിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പിന്തുടർന്ന രീതി ന്യൂസിലൻഡിനെ തുണച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ടെസ്റ്റുകൾ നടത്തിയ രാജ്യം കൂടിയാണ് ന്യൂസിലൻഡ്.
ന്യൂസിലൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ വളരെ ഉയർന്നതാണ്. ന്യൂസിലൻഡിന്റെ ആകെ ജനസംഖ്യയായ 50 ലക്ഷമുള്ള നഗരങ്ങൾ പോലുമുണ്ട് ഇന്ത്യയിൽ. സൂറത്തിൽ 24 ലക്ഷവും പൂനെയിൽ 50 ലക്ഷവും ജനങ്ങൾ ജീവിക്കുന്നു. സൂറത്തിൽ 2,200 ഓളം കേസുകളും പൂനെയിൽ 9,000ത്തിലധികം കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിൽ ഇതേവരെ 1,504 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22 പേർ മരിച്ചു. ജൂൺ 8ന് ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. താരതമ്യേന ചെറിയ ജനസംഖ്യയാണെങ്കിൽ പോലും ഒരു വൈറസിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് കാട്ടി മാതൃകയായിരിക്കുകയാണ് ന്യൂസിലൻഡ്.
അതേ സമയം, ഇന്ത്യയാകട്ടെ 275,000 ത്തിലധികം രോഗികളുമായി കൊവിഡ് ഏറ്റവും കൂടുതൽ തീവ്രതയോടെ തുടരുന്ന രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഒപ്പം കൂടുതൽ ഇളവുകളും പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു.