തിരുവനന്തപുരം: ഓർഡിനറി ബസുകളുടെ മിനിമം ചാർജ് എട്ടിൽ നിന്നു പത്തു രൂപയാക്കാനും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം വർദ്ധന വരുത്താനും സാദ്ധ്യത. നിരക്ക് വർദ്ധന ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമർപ്പിക്കും. മന്ത്രിസഭാ യോഗം ഭേദഗതികളോടെ നടപ്പാക്കും.
ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുടെ നിരക്കും ഉയരും. കിലോമീറ്റർ നിരക്കിൽ 15 ശതമാനം മുതൽ 30 ശതമാനം വരെ വർദ്ധനയ്ക്കാണ് സാദ്ധ്യത. കെ.എസ്.ആർ.ടി.സിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പൂർണ സൗജന്യം നൽകുന്നതും പുനഃപരിശോധിക്കും.
2018 മാർച്ച് ഒന്നിനാണ് ഒടുവിൽ ബസ് ചാർജ് വർദ്ധിപ്പിച്ചത്. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് കഴിഞ്ഞ തവണയും കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.
ലോക്ക് ഡൗണിലെ
രണ്ടു ചാർജ്
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പകുതി സീറ്റിൽ മാത്രം യാത്ര അനുവദിച്ചപ്പോൾ മിനിമം നിരക്ക് 12 രൂപയാക്കിയ സർക്കാർ, നിയന്ത്രണം എടുത്തു കളഞ്ഞപ്പോൾ നിരക്കു വർദ്ധനയും ഉപേക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് നാലാഴ്ചത്തെ സ്റ്റേ സമ്പാദിച്ച സ്വകാര്യ ബസുകൾ ഇന്നലെ മുതൽ വീണ്ടും 12 രൂപ ഈടാക്കിത്തുടങ്ങി. എന്നാൽ കെ.എസ്.ആർ.ടി.സി നിരക്ക് കൂട്ടി വാങ്ങുന്നില്ല.
നിലവിലെ നിരക്ക്
(മിനിമം, കിലോമീറ്റർ)
ഓർഡിനറി: 8 രൂപ, 70 പൈസ
ഫാസ്റ്റ് പാസഞ്ചർ: 11 രൂപ, 75 പൈസ
സൂപ്പർഫാസ്റ്റ്: 15 രൂപ, 78 പൈസ
എക്സ്പ്രസ്: 22 രൂപ, 85 പൈസ
ഡീലക്സ്, 30 രൂപ, 1രൂപ
ഹൈടെക് ലക്‌ഷ്വറി: 44 രൂപ, 1.20രൂപ
''ട്രാൻസ്പോർട്ട് വ്യവസായത്തെ സഹായിക്കുന്ന രീതിയിലുള്ള റിപ്പോർട്ടായിരിക്കും സർക്കാരിന് സമർപ്പിക്കുക''
- ജസ്റ്റിസ് രാമചന്ദ്രൻ
'ഒാപ്പറേഷൻ കെ.എസ്.ആർ.ടി.സി '
ഒരുക്കവുമായി ബിജു പ്രഭാകർ
തലസ്ഥാന ജില്ലയുടെ കളക്ടറായിരിക്കെ, നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ
ഒഴിപ്പിക്കുന്നതിനുള്ള 'ഓപ്പറേഷൻ അനന്ത' ഉൾപ്പെടെ വിജയകരമായി നടപ്പിലാക്കിയ ബിജു പ്രഭാകറിന് പുതിയ ദൗത്യം. നഷ്ടത്തിന്റെ പടുകുഴിയിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ കരകയറ്റുക.
'പ്രതിസന്ധിയുടെ ഘട്ടത്തിലാണ് എം.ഡിയായി എന്നെ നിയമിക്കുന്നത് ഇതൊരു അംഗീകാരമായി കണക്കാക്കുന്നു. ജീവനക്കാരോടും ഡയറക്ടർമാരോടും സംസാരിച്ച് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യും'- നിയുക്ത എം.ഡി ബിജു പ്രഭാകർ കേരളകൗമുദിയോടു പറഞ്ഞു.
മെക്കാനിക്കൽ എൻജിയറിംഗ് ബിരുദമുള്ള എെ.എ.എസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ എം.ഡിയാക്കണമെന്ന് ഗതാഗതമന്ത്രി എം.കെ. ശശീന്ദ്രൻ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെടുകയായിരുന്നു.
എം.ഡി സ്ഥാനത്ത് നിന്ന് നേരത്തേ രാജമാണിക്യത്തെയും ടോമിൻ തച്ചങ്കരിയെയും മാറ്റിയപ്പോഴും ബിജു പ്രഭാകറിന്റെ പേര് ശശീന്ദ്രൻ നിർദ്ദേശിച്ചിരുന്നു. ആദ്യം എതിർത്തത് ഒരു തൊഴിലാളി സംഘടനാ നേതൃത്വമാണ്. നിലവിൽ, സാമൂഹ്യനീതി, വനിതാശിശു വികസന സെക്രട്ടറിയായ ബിജു പ്രഭാകറിന്, അധിക ചുമതലയായിട്ടാണ് കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം. ചെയർമാൻ സ്ഥാനം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ വഹിക്കും.
മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ മകനായ ബിജു പ്രഭാകർ മികച്ച പെയിന്ററും ഫോട്ടോഗ്രാഫറുമാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയും ഓഫ് റോഡ് ഡ്രൈവിംഗും ഇഷ്ടം. എം.ബി.എ, എൽഎൽ.ബി ബിരുദധാരിയുമാണ്.