തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സമൂഹവ്യാപന സാദ്ധ്യത കൂടിവരികയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. രോഗവ്യാപനം കൂടുന്നതിനാൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പോംവഴി. അതിനാൽ ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിൽ സംസ്ഥാനസർക്കാർ കൂടുതൽ ഇളവ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രനിർദ്ദേശപ്രകാരമുള്ള നടപടികൾ മാത്രമേ ഉണ്ടാവൂ. കൊവിഡ് വ്യാപനം ഒന്നര വർഷത്തോളം നീളുമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജനങ്ങൾ അതിനൊപ്പം ജീവിക്കേണ്ടി വരും. നിയന്ത്രണം കൂടുതൽ കാലം തുടരാനുമാകില്ല. ജനങ്ങൾ സ്വയം നിയന്ത്രിക്കുകയാണ് പോംവഴിയെന്നും യോഗം വിലയിരുത്തി.
കേന്ദ്രം ഒടുവിലത്തെ ഇളവുകളോടെ ട്രെയിനടക്കമുള്ള പൊതുഗതാഗതം സജീവമായിട്ടുണ്ട്. ഹോട്ട് സ്പോട്ടുകളിൽ നിന്നുൾപ്പെടെ എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ടെന്ന് ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് ദീർഘദൂര ട്രെയിനിൽ വന്ന് എറണാകുളത്ത് ഇറങ്ങിയശേഷം കേരളത്തിൽ മാത്രം ഓടുന്ന ജനശതാബ്ദി ട്രെയിനിൽ ആലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും വരുന്നവരുണ്ട്. ജനശതാബ്ദിയിൽ വരുന്നവരായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ക്വാറന്റൈൻ നടപ്പാക്കാനാകാത്ത സ്ഥിതിയും ചില മന്ത്രിമാർ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ചില ഇളവുകളിൽ സംസ്ഥാന സർക്കാർ രോഗവ്യാപന സാദ്ധ്യത മുന്നിൽക്കണ്ട് പിടിമുറുക്കുന്നുണ്ട്. പ്രവാസികളുടെ ഹോം ക്വാറന്റൈൻ വിജയമാണെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഇത് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷവും മറ്റും വിമർശിക്കുന്നത്. മൊബൈൽ ടവർ നിരീക്ഷിച്ച് വീടുകളിൽ തന്നെ ആളുകൾ കഴിയുന്നുണ്ടോയെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്.
കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ റിവേഴ്സ് ക്വാറന്റൈൻ പരമാവധി ശക്തിപ്പെടുത്തുകയാണ് മാർഗമെന്നും 65 വയസിന് മുകളിലും 10 വയസിന് താഴെയുമുള്ളവർ പരമാവധി വീടുകളിൽ തന്നെ കഴിയാനുള്ള ക്രമീകരണം ശക്തമാക്കണമെന്നും യോഗം തീരുമാനിച്ചു.
20,000 ചതുരശ്ര മീറ്റർ വരെ
ക്വാറിയിംഗ് പെർമിറ്റ് വേണ്ട
തിരുവനന്തപുരം: ഇരുപതിനായിരം ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ക്വാറിയിംഗ് പെർമിറ്റ് എടുക്കുന്നതിന് ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കെട്ടിട നിർമ്മാണത്തിന് അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ക്വാറിയിംഗ് പെർമിറ്റ് നിഷ്കർഷിച്ചിരുന്നു. ഈ പെർമിറ്റിന് 50 മീറ്റർ ചുറ്റളവിലുള്ള വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ഉടമസ്ഥരുടെ സമ്മതപത്രം, റവന്യൂ രേഖകൾ, സർവേ മാപ്പ്, പാരിസ്ഥിതിക അനുമതി എന്നിവ ആവശ്യമായിരുന്നു. ഇളവ് നൽകുന്നതോടെ കെട്ടിട നിർമ്മാണ മേഖലയുടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേന്ദ്ര സർക്കാർ 20,000 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പാരിസ്ഥിതിക അനുമതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാനത്തും 300 ചതുരശ്രമീറ്റർ എന്നത് ഉയർത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ഇത് പരിഗണിച്ചാണ് 20,000 ചതുരശ്ര മീറ്റർ വരെ ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.