തിരുവനന്തപുരം:ഇരട്ടപ്പാതയും ലോകനിലവാരമുള്ള സൗകര്യങ്ങളും ഉൾപ്പെടെ 63,941കോടി ചിലവുള്ള സെമി-ഹൈസ്പീഡ് റെയിൽവേ 2025ൽ യാഥാർത്ഥ്യമാവുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറും. എല്ലാ കേന്ദ്രാനുമതികളും ഇക്കൊല്ലം തന്നെ നേടിയെടുത്ത് 2021ൽ പണിതുടങ്ങും. അസാദ്ധ്യമെന്ന് കരുതിയ ബൃഹദ്പദ്ധതിയാണ് മുഖ്യമന്ത്രി പിണറായിവിജയന്റെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യത്തിലേക്കടുക്കുന്നത്. കൊവിഡിന്റെ മാന്ദ്യത്തെ അതിജീവിച്ച്, 35,000കോടി വിദേശവായ്പയെടുത്താണ് പാത പണിയുക.
ലോകോത്തര സ്റ്റേഷനുകളോട് ചേർന്ന് ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, പാർപ്പിടസമുച്ചയങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, ഐ.ടിപാർക്കുകൾ എന്നിവയടങ്ങിയ ഉപഗ്രഹനഗരങ്ങൾ (സാറ്റലൈറ്റ് സിറ്റികൾ) ഉയരും. കൊച്ചുവേളി, കൊല്ലം,ചെങ്ങന്നൂർ, കോട്ടയം,കാക്കനാട്, തൃശൂർ,തിരൂർ, കോഴിക്കോട്,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണിത്. ചരക്കുലോറികൾ ട്രെയിനിൽ കൊണ്ടുപോകുന്ന റോ–റോ (റോൾ-ഓൺ റോൾ-ഓഫ്) സർവീസുമുണ്ടാവും. ചെറുനഗരങ്ങളിൽ 27ഫീഡർ സ്റ്റേഷനുകളുമുണ്ട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുമായി കണക്ടിവിറ്റിയുണ്ട്. ടിക്കറ്റ് വരുമാനത്തിന്റെ മൂന്നിലൊന്ന് ടിക്കറ്റ്ഇതര വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
പണം സംഭരിക്കുന്നത് ഇങ്ങനെ
@ഭൂമി
ഭൂമിയേറ്റെടുക്കാൻ സംസ്ഥാനം 8,656 കോടി ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും. 20വർഷം കാലാവധി. പലിശ ബാങ്ക് നിരക്കിനേക്കാൾ കുറവ്
@റെയിൽപാത
ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻഏജൻസി (ജൈക്ക) 35,000കോടി വായ്പനൽകാൻ സന്നദ്ധം. 0.2മുതൽ 0.5% പലിശ. 30വർഷം തിരിച്ചടവ്, 10വർഷം മോറട്ടോറിയം.
@ഓഹരിനിക്ഷപം
നെടുമ്പാശേരി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ മാതൃകയിൽ ജനങ്ങളിൽ നിന്ന് 4252കോടി ഓഹരി. പ്രവാസികൾക്കും ഓഹരിയെടുക്കാം.
@സർക്കാരും റെയിൽവേയും
സംസ്ഥാനസർക്കാരും ( 3253കോടി ) റെയിൽവേയും ( 2150കോടി ) ഓഹരിയെടുക്കും. റെയിൽവേ വിട്ടുനൽകുന്ന 200 ഹെക്ടർ ഭൂമിയുടെ വിലയായ 900കോടിയും റെയിൽഓഹരിയാക്കും
@തിരിച്ചടവ്
മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും, നഗരവികസനം കൂടിയാവുമ്പോൾ ഇത് 16ശതമാനമാവും. റോ–റോസർവീസും ലാഭകരം.
ഇനി അഞ്ച് കടമ്പകൾ
@വിശദമായ പദ്ധതിരേഖ റെയിൽവേ മന്ത്രാലയം അംഗീകരിക്കണം
@റെയിൽവേ നീതിആയോഗിന് കൈമാറണം.
@കേന്ദ്രധനമന്ത്രാലയത്തിന്റെ സൂക്ഷ്‌മപരിശോധന
@കേന്ദ്ര കാബിനറ്റ് കമ്മിറ്റിയുടെ അനുമതി
@പ്രധാനമന്ത്രിയുടെ ഓഫീസ് വഴി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം