തിരുവനന്തപുരം: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് കെ.എസ്.ആർ.ടി.സി എം.ഡിയുടെ അധിക ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെയർമാന്റെ ചുമതല ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനായിരിക്കും.
കെ.എസ്.ആർ.ടി.സിയുടെ ഭരണപരമായ ചുമതലകൾ വഹിക്കുന്നത് മാനേജിംഗ് ഡയറക്ടറാണ്. സി.എം.ഡിയായിരുന്ന എം.പി ദിനേശ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞതിനാലാണ് പുതിയ നിയമനം. ബിജു പ്രഭാകറിന് അധികച്ചുമതലയായതിനാൽ എം.ഡി സ്ഥാനം മതിയെന്നും ചെയർമാൻ സ്ഥാനം ഗതാഗത സെക്രട്ടറി വഹിക്കട്ടെയെന്നുമാണ് ധാരണ. കെ.എസ്.ആർ.ടി.സി ബോർഡ് യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കേണ്ടത് ചെയർമാനാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന കോർപ്പറേഷനെ രക്ഷിക്കാനാവശ്യമായ പദ്ധതികൾ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ.