തിരുവനന്തപുരം: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുൻ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയെ
താൻ കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ മകൻ അശ്വിൻ (33) സമ്മതിച്ചതായി പൊലീസ് പറഞ്ഞു.അറസ്റ്റിലായ അശ്വിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. ഇവർ മദ്യപിക്കുമ്പോൾ കൂടെയുണ്ടായിരുന്ന അശ്വിന്റെ സുഹൃത്ത് സതിയും പൊലീസ് കസ്റ്റഡിയിലായെങ്കിലും, കൊലപാതകം നടക്കുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നില്ലെന്നും,കൊലയിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ കെ.ആർ.ബിജു പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ജയമോഹൻ തമ്പി കൊല്ലപ്പെട്ടത്..അശ്വിന്റെ കെെശവശമിരുന്ന എ.ടി.എം കാർഡും ക്രെഡിറ്റ് കാർഡും തമ്പി തിരികെ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിനിടയാക്കിയത്. തുടർന്നുള്ള ആക്രമണത്തിൽ ജയമോഹൻ തമ്പിയുടെ നെറ്റിയിലും മൂക്കിലും തലയുടെ പിൻഭാഗത്തും ഏറ്റ മുറിവുകളാണ് മരണകാരണം.തലയിൽ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ്മോർട്ടം ചെയ്‌ത ഡോക്ടമാർ പറഞ്ഞു.മർദ്ദനത്തിൽ പരിക്കേറ്റ് ബോധരഹിതമായി വീണ ജയമോഹന് യഥാസമയം ചികിത്സ നൽകാൻ മദ്യലഹരിയിലായിരുന്ന അശ്വിൻ താൽപര്യമെടുത്തതുമില്ല.
അമിത മദ്യപാനം കാരണം ജയമോഹൻ തമ്പി ലിവർ സിറോസിസിന് ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു കൊലപാതകം .തിങ്കളാഴ്ച മാലിന്യം ശേഖരിക്കാനെത്തിയ സ്ത്രീയാണ് വീടിനുള്ളിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടെന്ന് മുകളിലത്തെ നിലയിലെ വാടകക്കാരെ അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൊലപാതകം പുറം ലോകമറിഞ്ഞത്.പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പ് നടത്തും.