മാഹിയെ ഒഴിവാക്കി പുതിയ അലൈൻമെന്റ്
ഹരിത ഇടനാഴിയായി രണ്ട് പുതിയ പാതകൾ
സ്ഥലമേറ്റെടുക്കൽ 15-25 മീറ്റർ മാത്രം വീതിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് യാത്ര നാല് മണിക്കൂറായി ചുരുക്കുന്ന സെമി ഹൈസ്പീഡ് റെയിൽപാതയുടെ (സിൽവർ ലൈൻ) പുതിയ അലൈൻമെന്റ് പ്രകാരമുള്ള വിശദമായ പദ്ധതി റിപ്പോർട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. 200 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗത. 64,000 കോടി രൂപയാണ് ചെലവ്.
മാഹിയെ ഒഴിവാക്കിയാണ് പുതിയ അലൈൻമെന്റ്. മാഹിയെ ഉൾപ്പെടുത്തുന്നതിനെ പുതുച്ചേരി സർക്കാർ എതിർത്തതിനാലാണ് മാറ്റം.
അടുത്ത ഘട്ടം പണം കണ്ടെത്തലും സ്ഥലമെടുപ്പും മറ്റ് നടപടികളുമാണ്. തിരുവനന്തപുരം മുതൽ തിരൂർ വരെ ഇപ്പോഴത്തെ റെയിൽപാതയിൽ നിന്ന് മാറിയും തിരൂരിൽ നിന്ന് കാസർകോട് വരെ ഇപ്പോഴത്തെ പാതയ്ക്ക് സമാന്തരമായും ആകും സിൽവർ ലൈൻ. രണ്ട് പുതിയ ലൈനുകൾ ( 3, 4 പാതകൾ ) ഉൾപ്പെടുന്ന ഹരിത ഇടനാഴിയായാണ് നിർമ്മാണം.
ജനസാന്ദ്രത കുറഞ്ഞ മേഖലകളിലൂടെ 15 മുതൽ 25 മീറ്റർ മാത്രം വീതിയിൽ സ്ഥലം ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കാനുള്ള പണത്തിന് ധനകാര്യസ്ഥാപനങ്ങളെയും ദേശസാൽകൃത ബാങ്കുകളെയും സമീപിക്കാൻ കെ - റെയിലിന് നിർദ്ദേശം നൽകി. വായ്പയ്‌ക്കായി ജെ.ഐ.സി.എ (ജിക്ക), കെ.എഫ്.ഡബ്ളിയു, എ.ഡി.ബി, .ഐ.ഐ.ബി എന്നീ ഏജൻസികളെ സമീപിക്കും.
പാരീസിലെ സിസ്ട്രയാണ് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കിയത്. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അംഗീകാരം 2019 ഡിസംബറിൽ ലഭിച്ചിരുന്നു.
തുക ഇങ്ങനെ
വായ്പ 35,000 കോടി
ഭൂമിക്ക് മുടക്കേണ്ടത് 8656കോടി
സർക്കാരിന്റെ ഓഹരി 3253 കോടി
റെയിൽവേയുടെ ഓഹരി 2,150 കോടി
ജനങ്ങളുടെ ഓഹരി 4252കോടി
11 ജില്ലകളിലൂടെ
ഏറ്റെടുക്കേണ്ട ഭൂമി 1226 ഏക്കർ
പാത 11 ജില്ലകളിലൂടെ പോകും
നീളം 529.45 കിലോമീറ്റർ
11 സ്റ്റോപ്പ്
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
" 2025ൽ ട്രെയിൻ ഓടിക്കും. കൊവിഡ് മാന്ദ്യത്തിന് ശേഷം സംസ്ഥാനത്തിന്റെ മൊത്തം വളർച്ചയെ പദ്ധതി ത്വരിതപ്പെടുത്തും. നിർമ്മാണ സമയത്തും ശേഷവും നിരവധി തൊഴിലവസരങ്ങൾ. പ്രവാസികൾക്കും തൊഴിൽ നൽകാം"-
-- വി. അജിത് കുമാർ, കെ- റെയിൽ മാനേജിംഗ് ഡയറക്ടർ