തിരുവനന്തപുരം: ക്രിക്കറ്റ് താരമായിരുന്ന ജയമോഹൻതമ്പിയെ കൊലപ്പെടുത്തിയ ശേഷം, മകൻ അശ്വിൻ വീട്ടിലിരുന്ന് മദ്യസേവ നടത്തിയതിന് സമാനമായിരുന്നു 2017ഏപ്രിലിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ നന്ദൻകോട്ടെ കേഡൽ ജീൻസൺരാജയുടെ പ്രവർത്തികളും. പെറ്റമ്മയെ കൊലപ്പെടുത്തി മുറിയിലെ ബാത്ത്‌റൂമിലൊളിപ്പിച്ച ശേഷം പിതാവിനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചിട്ടാണ് കേഡൽ എല്ലാവരെയും കൂട്ടക്കുരുതി നടത്തിയത്. നാല് മൃതദേഹങ്ങൾക്കൊപ്പം മൂന്നുദിവസമാണ് കേഡൽ നന്ദൻകോട്ടെ വീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞത്. ശരീരത്തിൽ നിന്ന് ആത്‌മാവ് വേർപിരിയുന്ന ആസ്ട്രൽ പ്രൊജക്ഷൻ പത്തുവർഷത്തോളമായി പരിശീലിക്കുന്നുണ്ടെന്നും ശരിയായ മനോനിലയില്ലാത്ത ഉന്മാദാവസ്ഥയിൽ തന്റെ ആത്‌മാവാണ് കൊലനടത്തിയതെന്നുമാണ് കേഡലിന്റെ മൊഴി.
കുടുംബത്തെ കൂട്ടക്കുരുതി നടത്തിയ കേഡലിന്റെ നീചകൃത്യം ഇന്നും ഞെട്ടലോടെയേ ഓർക്കാനാവൂ. പുതുതായുണ്ടാക്കിയ കമ്പ്യൂട്ടർ ഗെയിം കാണിക്കാനെന്ന വ്യാജേന മാതാവ് ഡോ.ജീൻപത്മയെ കേഡൽ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി. കമ്പ്യൂട്ടറിന് മുന്നിലിരുത്തി പിന്നിലൂടെ കഴുത്തിന് മഴുകൊണ്ട് വെട്ടി. തറയിൽവീണ അമ്മയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. മൃതദേഹം വലിച്ചിഴച്ച് കിടപ്പുമുറിയിലെ ബാത്ത്‌റൂമിലിട്ട് പൂട്ടി. ഫ്ലോർക്ലീനർ ഉപയോഗിച്ച് തറതുടച്ച. ഉച്ചയ്ക്ക് വീട്ടിലെത്തിയ പിതാവ് പ്രൊഫ.രാജ്തങ്കം മദ്യപിക്കാൻ തുടങ്ങിയപ്പോൾ കേഡൽ അടുത്തുകൂടി കൂടുതൽ മദ്യപിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് പിതാവിനും സഹോദരി കരോളിനുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു.
ഊണിനുശേഷവും പിതാവ് മദ്യപിക്കുന്നത് കണ്ടശേഷം സഹോദരി അവരുടെ മുറിയിലാണെന്ന് ഉറപ്പാക്കി. മുകൾനിലയിലേക്കെത്തിയ പിതാവിനെ ഗെയിം കാണിക്കാനായി കമ്പ്യൂട്ടറിന് മുന്നിലിരുത്തി തലയ്ക്ക് മഴുകൊണ്ട് വെട്ടി. രാജ്തങ്കം തടഞ്ഞെങ്കിലും പിന്നീട് പലവട്ടം വെട്ടി മരണം ഉറപ്പാക്കി. അമ്മയുടെ മൃതദേഹത്തിനൊപ്പം ബാത്ത്‌റൂമിലിട്ട് അടച്ചു. കിടപ്പുമുറിയുടെ തറയും ചുവരും വൃത്തിയാക്കി. കരോളിനോട് സംസാരിക്കണമെന്ന് ആസ്ട്രേലിയയിലുള്ള സുഹൃത്ത് ജോൺ ഇ-മെയിൽ അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് സഹോദരിയെ കേഡൽ മുകൾനിലയിലുള്ള തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കമ്പ്യൂട്ടർ ടേബിളിനു മുന്നിലിരുത്തി തലയ്ക്ക് മഴുകൊണ്ട് വെട്ടിക്കൊന്ന ശേഷം മൃതദേഹം ബാത്ത്‌റൂമിലേക്ക് മാറ്റി. അവിടെവച്ച് കത്തികൊണ്ട് കഴുത്തറുത്തു. വിനോദയാത്രയ്ക്ക് പോയ അമ്മ, മുകൾ നിലയിലെ ലാൻഡ്ഫോണിൽ വിളിച്ചെന്ന് വിശ്വസിപ്പിച്ച് വലിയമ്മയായ ലളിതയെ മാതാപിതാക്കളുടെ ബെഡ്‌റൂമിലെത്തിച്ചു. മഴുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് അതേമുറിയിലെ ബാത്ത്‌റൂമിൽ ഒളിപ്പിച്ചു. കൂട്ടക്കൊലയ്ക്ക് ശേഷം ഓട്ടോറിക്ഷയിൽ കവടിയാറിലെ പെട്രോൾ പമ്പിലെത്തി രണ്ട് കന്നാസുകളിൽ പെട്രോൾ വാങ്ങി. വീട്ടിലെത്തി മൃതദേഹങ്ങൾ കുറേശെയായി കത്തിച്ചു. കേഡലിന് കുറ്റപത്രം നൽകിയിട്ടുണ്ട്. ജയിലിൽ ഇടയ്ക്കിടെ മാനസികവിഭ്രാന്തി കാട്ടും, ആത്മഹത്യയ്ക്ക് ശ്രമിക്കും. ഇതുവരെ ജാമ്യംനൽകിയിട്ടില്ല.
കേഡലിന്റെ നാല് ന്യായങ്ങൾ
1)വീട്ടുകാർ ചെറുപ്പം മുതലേ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു.
2)തനിക്ക് മാനസികരോഗമാണെന്ന് പറഞ്ഞ് വീട്ടുകാർ സഹപാഠികളിൽ നിന്ന് അകറ്റി.
3)പഠനത്തിൽ പിന്നാക്കമായതിനാൽ മാതാപിതാക്കൾ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു
4)സഹോദരിയോട് മാതാപിതാക്കൾ കൂടുതൽ സ്നേഹം കാട്ടുന്നത് സഹിച്ചില്ല