prathikal

പത്തനാപുരം: മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന നാടൻ തോക്കും മറ്റ് ആയുധങ്ങളുമായി മൂന്നുപേർ വനപാലക സംഘത്തിന്റെ പിടിയിലായി. ചെറുകടവ് ജിനി വിലാസത്തിൽ അപ്പുക്കുട്ടൻ ആചാരി (66), തേമ്പാവിള വീട്ടിൽ രാജൻ (47), വേങ്ങവിള വീട്ടിൽ മധു എന്നിവരെയാണ് അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. സ്ഥിരമായി മൃഗവേട്ട നടത്തുന്ന സംഘത്തെപ്പറ്റി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വനമേഖലയിൽ സ്ഥിരമായി മൃഗവേട്ട നടത്തിയിരുന്ന സംഘം മാംസവും നെയ്യും മറ്റിടങ്ങളിൽ എത്തിച്ചു വില്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വനംകോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.