ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: വിഷമോ രാസവസ്തുക്കളോ പുരട്ടിയ, ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിറ്റാൽ 10,000 മുതൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ആദ്യതവണ പിടിച്ചാൽ പതിനായിരം രൂപയും, രണ്ടാമതും പിടിച്ചാൽ 25,000രൂപയും ,മൂന്നാമതോ അതിൽ കൂടുതലോ തവണ പിടിച്ചാൽ ഒരു ലക്ഷവുമാണ് പിഴ.ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ഡെപ്യൂട്ടി ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥൻ വാദം കേൾക്കും. ജില്ലാ കളക്ടർ അപ്പീൽ അധികാരിയാണ്.
രാസവസ്തുക്കൾ മത്സ്യത്തിൽ പുരട്ടാൻ ഒത്താശ ചെയ്യുന്ന ഐസ് പ്ലാന്റുകൾ, ചിൽഡ് സ്റ്റോറേജുകൾ അടക്കമുള്ളവയുടെ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാൽ രണ്ടു മാസം മുതൽ ഒരു വർഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയും ഈടാക്കാം. ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസൻസും നിർബന്ധമാക്കി. ഓർഡിനൻസ് നിലവിൽ വരുന്നതു മുതൽ 90 ദിവസത്തിനകം ലൈസൻസെടുക്കണം.
നിശ്ചയിച്ച ഹാർബറുകളിലും മാർക്കറ്റുകളിലും മാത്രമേ മത്സ്യലേലം നടത്താവൂ. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പിഴ ശിക്ഷ . സർക്കാർ നിശ്ചയിക്കുന്ന അടിസ്ഥാന വിലയ്ക്ക് ആനുപാതികമായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റികളാണ് അടിസ്ഥാന ലേല വില നിശ്ചയിക്കേണ്ടത്. . കൊവിഡ് സാഹചര്യം മുതലെടുത്ത് മായം കലർന്നതും പഴകിയതുമായി മീനിന്റെ വില്പന വ്യാപകമായ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.