തിരുവനന്തപുരം: സി.പി.എം ഭരണത്തിൽ വിദ്യാഭ്യാസരംഗം താറുമാറായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ ഡി.പി.ഐ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.രണ്ട് മന്ത്രിമാരുണ്ടായിട്ടും വിദ്യാഭ്യാസവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്. വകുപ്പുകൾ തമ്മിൽ ഏകോപനവുമില്ല.ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി അദ്ധ്യാപകരെ രണ്ടുതട്ടിലാക്കി. സർവകലാശാല വിദ്യാഭ്യാസം കുത്തഴിഞ്ഞു.പി.എസ്.സി പരീക്ഷകൾ ഉൾപ്പെടെയുള്ളവയുടെ വിശ്വാസ്യത തകർന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ്,കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സലാഹുദ്ദീൻ, വൈസ് പ്രസിഡന്റുമാരായ ജെ. മുഹമ്മദ് റാഫി,അനിൽ വട്ടപ്പാറ,നിസാം ചിതറ,നെയ്യാറ്റിൻകര പ്രിൻസ്, അനിൽ വെഞ്ഞാറമൂട്,ഷമീൽ കിളിമാനൂർ തുടങ്ങിയവർ സംസാരിച്ചു.