pj-joseph

തിരുവനന്തപുരം: കേരള കോൺഗ്രസിലെ തർക്കങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളുമൊക്കെയായി കടുത്ത രാഷ്ട്രീയത്തിരക്കിൽ നീങ്ങുമ്പോഴും ലോക്ക് ഡൗൺകാലത്ത് സംഗീതവഴിയിലൂടെ സഞ്ചരിക്കാൻ സമയം കണ്ടെത്തി പി.ജെ. ജോസഫ്.

ഭീതി പടർത്തി നിൽക്കുന്ന കൊവിഡ്-19 മഹാമാരിക്കെതിരെ ആത്മവിശ്വാസവും പ്രതീക്ഷയും നല്കാൻ ലക്ഷ്യമിട്ട് 'ഈ കാലവും കടന്നു പോകും' എന്ന ഗാന സമാഹാരത്തിന് രൂപം നൽകിയിരിക്കുകയാണ് ജോസഫ്. ഗാന്ധിജി സ്റ്റഡി സെന്ററാണ് നിർമ്മാണം. ഇതിന്റെ പ്രകാശനം ഇന്ന് രാവിലെ 12ന് നിയമസഭാമന്ദിരത്തിലെ മീഡിയ റൂമിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സംഗീതജ്ഞൻ രമേശ് നാരായണന് നൽകി നിർവഹിക്കും.

വി.എസ്. ശിവകുമാർ എം.എൽ.എ പങ്കെടുക്കും. കൊവിഡ്-19 ഭയത്തിന്റെ നിലയില്ലാക്കയത്തിലേക്ക് ഇടറി വീഴാതെ ഒപ്പം നിന്ന് പ്രതീക്ഷാനിർഭരമായി മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ് ആശയം. പി.ജെ. ജോസഫിനെ കൂടാതെ, വിധു പ്രതാപ്, എം. രാധാകൃഷ്ണൻ, ലക്ഷ്മി രംഗൻ, ദിവ്യ നായർ, എം.എൽ. മീനാക്ഷി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ആർ.കെ. ദാസ് മലയാറ്റിൽ, നെയ്യാറ്റൻകര ജയകുമാർ എന്നിവരാണ് ഗാനരചന. എം. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചു. എൽ.വി. അജിത്താണ് ദൃശ്യാവിഷ്കാരം. നാല് ഗാനങ്ങളാണ് ആൽബത്തിലുള്ളത്.