jayamohan-thampi

തിരുവനന്തപുരം: മുൻ രഞ്ജിട്രോഫി ക്രിക്ക​റ്റ് താരവും എസ്.ബി.ടി റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന ജയമോഹൻ തമ്പിയെ മദ്യലഹരിയിൽ മകൻ അശ്വിൻ കൊലപ്പെടുത്തിയത് തലയ്ക്കും മുഖത്തും ക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ്. ചികിത്സ കിട്ടാതെ മണിക്കൂറുകൾ കിടന്ന് അതി ദാരുണമായാണ് മരണം സംഭവിച്ചത്. മദ്യവില്പന പുനരാരംഭിച്ച മേയ് 28 മുതൽ കൊലപാതകം നടന്ന 6 വരെ ഇരുവരും അമിതമായി മദ്യപിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ 500 രൂപ നൽകി സുഹൃത്തിനെ വിട്ട് ജയമോഹൻ ഒരു കുപ്പി മദ്യം വാങ്ങി. ഇത് പകുതി വീതം അച്ഛനും മകനും കഴിച്ചു. ഉച്ചയോടെ ഇതിന്റെ ലഹരിവിട്ട ജയമോഹൻ സിറ്റൗട്ടിനോട് ചേർന്നുള്ള മകന്റെ മുറിയിലെത്തി വീണ്ടും മദ്യം വാങ്ങാൻ തന്റെ എ.ടി.എം കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ ഇരുവരും ഉന്തും തള്ളുമായി. പ്രകോപിതനായ അശ്വിൻ അച്ഛന്റെ മൂക്കിനിടിച്ചു. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ എല്ലുപൊട്ടി. പിന്നാലെ ഭിത്തിയോട് ചേർത്ത് നിറുത്തി തലയുടെ ഇടത് ഭാഗത്ത് മുഷ്ടി ചുരുട്ടി മർദ്ദിച്ചു. ഇതിനിടെ കർട്ടനിൽ കുരുങ്ങി തറയിൽ വീണ ജയമോഹൻ തമ്പിയുടെ നെറ്റി ആഴത്തിൽ മുറിഞ്ഞു. തറയിൽ വീണപാടെ തലയിൽ വീണ്ടും മർദ്ദിച്ചു. അർദ്ധബോധാവസ്ഥയിലായ ജയമോഹനെ അവിടെ ഉപേക്ഷിച്ച് മകൻ മുറിയിലേക്ക് തിരിച്ചുപോയി വീണ്ടും മദ്യപാനം തുടർന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടോടെ തിരിച്ചുവന്ന് ബോധമറ്റ് കിടക്കുകയായിരുന്ന ജയമോഹനെ അശ്വിൻ വലിച്ചിഴച്ച് ഹാളിൽ കൊണ്ടുവന്ന് കിടത്തി. ഇതിനുശേഷം തന്റെ മുറിയിലെത്തി വീണ്ടും മദ്യപാനം തുടർന്നു. പിന്നാലെ പുറത്തുപോയി രണ്ടുകുപ്പി മദ്യം കൂടി വാങ്ങിക്കഴിച്ചു. പിന്നീട് വൈകിട്ടോടെ സ്വബോധം വീണ്ടുകിട്ടിയപ്പോൾ അച്ഛൻ ബോധരഹിതനായി കിടക്കുകയാണെന്ന് സഹോദരൻ ആഷിഖിനെ വിളിച്ചറിയിച്ചു. ഇരുവരും തമ്മിൽ അടിപിടി പതിവായതിനാൽ ഇളയമകൻ ഇത് കാര്യമായി എടുത്തില്ല. തുടർന്ന് ആംബുലൻസ് വിളിക്കണമെന്ന ആവശ്യവുമായി അയൽവാസികളെ സമീപിച്ചെങ്കിലും വഴക്കു പതിവായിരുന്നതിനാൽ അവരും ശ്രദ്ധിച്ചില്ല. രാത്രിയോടെ ഇളയസഹോദരൻ അശ്വിനെ തിരിച്ചുവിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. വീണ്ടും ആഹാരം പോലും കഴിക്കാതെ മദ്യപാനം തുടർന്ന അശ്വിൻ പിതാവിന് ചികിത്സ നൽകുന്ന കാര്യം പോലും മറന്നു. ഞായറാഴ്ചയും തലേന്ന് വാങ്ങിയ കുപ്പി അകത്താക്കുന്ന തിരക്കിലായിരുന്നു അശ്വിൻ. തിങ്കളാഴ്ച മാലിന്യം ശേഖരിക്കാനെത്തിയ ശുഭ എന്ന സ്ത്രീ വീട്ടിൽ നിന്ന് ദുർഗന്ധം വരുന്ന വിവരം വീടിന് മുകളിൽ താമസിക്കുന്ന വാടകക്കാരെ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിനെ അറിയിച്ചു. പൊലീസെത്തുമ്പോഴും പിതാവ് മരിച്ചുകിടക്കുന്നതിനടുത്തെ മുറിയിൽ അശ്വൻ മദ്യലഹരിയിൽ ഉറങ്ങുകയായിരുന്നു. അമിത മദ്യപാനം കാരണം ജയമോഹൻ തമ്പി ലിവർ സിറോസിസിന് ചികിത്സയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പോസ്​റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേ​റ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് അശ്വിൻ കുറ്റം സമ്മതിച്ചത്. ജയമോഹൻ തമ്പിയുടെ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഇതിനുശേഷം അശ്വിനോടൊപ്പം മണക്കാട് മുക്കോലയ്ക്കൽ ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു താമസം. ഫോർട്ട് അസി. കമ്മിഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ കെ.ആർ. ബിജു, എസ്.ഐ വിമൽ എന്നിവരടങ്ങിയ പൊലീസ് സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.