ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. വരാപ്പുഴ സ്വദേശി കൊച്ചിക്കാട് വീട്ടിൽ അനൂപ്(39), നോർത്ത് പറവൂർ സ്വദേശി പാണ്ടിപറമ്പിൽ വീട്ടിൽ അഖിൽ എന്നിവരെയും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ലോക്ക് ഡൗൺ മൂലം അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പറവൂരിൽ നിന്നും കൊൽക്കത്തയിലെ മൂർഷിദാബാദിലേക്ക് പോയ ട്രാവലറിന്റെ എ.സിക്കുള്ളിൽ വച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
വിശാഖ പട്ടണത്തു നിന്നാണ് പ്രതികൾ കഞ്ചാവും ഓയിലും വാങ്ങിയത്. എ.സി മെക്കാനിക്കായ രണ്ടാം പ്രതി അനൂപ് ട്രാവലറിനു മുകളിലെ എ.സിയുടെ അടപ്പഴിച്ചു മാറ്റി കഞ്ചാവും ഓയിലും ഭദ്രമായി പാക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു. ഈ മാസത്തിൽ ഇത് നാലാമത്തെ കഞ്ചാവ് വേട്ടയാണ് ഇരിങ്ങാലക്കുടയിൽ നടന്നത്.
തൃശൂർ റൂറൽ എസ്.പി വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന കഞ്ചാവ് വേട്ടയിൽ എസ്.ഐ: അനൂപ് പി.ജി, എ.എസ്.ഐ: ജസ്റ്റിൻ, ഷിബു, പൊലീസ് ഉദ്യോഗസ്ഥരായ സുനീഷ്, അനൂപ് ലാലൻ, വൈശാഖ് മംഗലൻ, സജിമോൻ എന്നിവരും ഉണ്ടായിരുന്നു.
കാപ്
ഇരിങ്ങാലക്കുടയിൽ പിടികൂടിയ ഹാഷിഷ് ഓയിലും കഞ്ചാവും