തിരുവനന്തപുരം: 163 മെഗാവാട്ട് ശേഷിയുള്ള അതിരപ്പിള്ളി പദ്ധതി നടപടികളുമായി മുന്നോട്ട് പോകാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയുള്ള ഊർജവകുപ്പിന്റെ ഉത്തരവ് മറ്റൊരു രാഷ്ട്രീയപ്പോരിന് വഴിതുറന്നു. ഭരണമുന്നണിക്കകത്തും പുറത്തും എതിർപ്പ് ശക്തമായതിനാൽ വൈദ്യുതി ബോർഡിന് വെല്ലുവിളികളേറെ.
പദ്ധതിക്ക് നേരത്തേ ലഭിച്ചിരുന്ന പാരിസ്ഥിതിക, സാങ്കേതിക, സാമ്പത്തിക അനുമതികൾ റദ്ദായിരുന്നു. തുടർന്ന്, പാരിസ്ഥിതികാനുമതി തേടാനും സാങ്കേതിക, സാമ്പത്തികാനുമതിക്കുള്ള രേഖകൾ പുതുക്കി നൽകാനും കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിട്ടി കെ.എസ്.ഇ.ബിയോട് നിർദ്ദേശിച്ചു. അതോറിട്ടിയുടെ കത്ത് കെ.എസ്.ഇ.ബി ചെയർമാൻ സർക്കാരിലേക്ക് കൈമാറി. ഇതിന്മേലാണ് നടപടികളുമായി മുന്നോട്ട് പോകാൻ അനുമതി നൽകി ഊർജവകുപ്പ് സെക്രട്ടറി ബി. അശോക് ഉത്തരവായത്.
ഇതിനു തൊട്ടുപിന്നാലെ എതിർപ്പുമായി സി.പി.ഐയും കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും വ്യക്തമാക്കി.
പദ്ധതിയെ ഇടതുമുന്നണിക്കകത്ത് തുടക്കം മുതൽ എതിർത്ത് നിൽക്കുന്ന കക്ഷിയാണ് സി.പി.ഐ. സി.പി.എം ആകട്ടെ പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന നിലപാടിലും. ഇടതുമുന്നണിയിൽ ഇതേച്ചൊല്ലിയുള്ള തർക്കം രൂക്ഷമായപ്പോഴാണ് സമവായമില്ലാതെ പദ്ധതി നടപ്പാക്കില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിൽ 2018ൽ നിലപാട് വ്യക്തമാക്കിയത്.
പുതിയ ഉത്തരവ് വന്നതിന് പിന്നാലെ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം പരസ്യമായി എതിർപ്പറിയിച്ചു. എ.ഐ.വൈ.എഫും എതിർത്ത് രംഗത്തെത്തി. എന്നാൽ പാർട്ടി സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇപ്പോഴത്തേത് സാങ്കേതിക നടപടികൾ മാത്രമാണെന്നാണ് സർക്കാർ വിശദീകരണം. പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്നത് നയതീരുമാനമായതിനാൽ അതിപ്പോൾ ചർച്ച ചെയ്യേണ്ടെന്നാണ് നിലപാട്. സി.പി.ഐ മന്ത്രിമാർക്ക് ലഭിച്ചിരിക്കുന്ന സന്ദേശവും ഇതായതിനാലാണ് തത്കാലം പ്രതികരിക്കേണ്ടെന്ന് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
കോടതി ഇടപെടൽ
പദ്ധതിക്ക് 97 ലും 98ലുമായി വനം, പരിസ്ഥിതി മന്ത്രാലയാനുമതി ലഭിച്ചെങ്കിലും ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് 2005ൽ കിട്ടിയ അനുമതി കോടതി 2006ൽ റദ്ദാക്കി. 2007ൽ വീണ്ടും കേന്ദ്രാനുമതി ലഭിച്ചെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മുന്നോട്ട് പോയില്ല.
എതിർക്കുന്നവരുടെ വാദം
പരിസ്ഥിതി ലോല പ്രദേശമാണ് അതിരപ്പിള്ളി (സോൺ ഒന്നിൽ പെടുന്നു)
ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ മേഖല ഡാം വരുന്നതോടെ മുങ്ങും
കാടർ ഉൾപ്പെടെ ആദിവാസി ഗോത്രങ്ങളുടെ താമസ സ്ഥലവും മുങ്ങും
കെ.എസ്.ഇ.ബി പറയുന്നത്
163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് സംസ്ഥാനത്തിന്റെ ക്ഷാമം പരിഹരിക്കാം
അതിരപ്പിള്ളി പദ്ധതി
പെരിങ്ങൽകുത്ത് ഡാമിലെയും അതിന്റെ 26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കാച്ച്മെന്റ് ഏരിയയിലെയും ജലമൊഴുക്കിനെ ആശ്രയിച്ച്
'കേന്ദ്ര അതോറിട്ടി നേരത്തേ നൽകിയ അനുമതിയുടെ കാലവാധി തീർന്നതിനാൽ പുതുക്കാനാണ് എൻ.ഒ.സി നൽകിയത്.
പദ്ധതിയെക്കുറിച്ച് ഇടതുമുന്നണിയിൽപ്പോലും സമവായം ആയിട്ടില്ല. യു.ഡി.എഫിലും ബി.ജെ.പിയിലും രണ്ടഭിപ്രായമുണ്ട്. സമവായം ഉണ്ടെങ്കിൽ നടപ്പാക്കും. പദ്ധതി ഉപേക്ഷിക്കും വരെ നടപടിക്രമം തുടരും.
- എം.എം. മണി , വൈദ്യുതി മന്ത്രി
അതിരപ്പിള്ളി പദ്ധതി:സർക്കാർ
പിന്തിരിയണമെന്ന് സുധീരൻ
തിരുവനന്തപുരം:പരിസ്ഥിതിയെ പാടെ തകർക്കുന്നതും ജനങ്ങൾക്ക് ദ്രോഹകരവുമായ അതിരപ്പിള്ളി പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു. നിർമ്മാണലോബിയുടെയും കോൺട്രാക്ടർമാരുടെയും താത്പര്യമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിക്കാവശ്യമായ ജലലഭ്യതയില്ല, ലക്ഷ്യമിട്ട വൈദ്യുതി ഉല്പാദിപ്പിക്കാനാവില്ല, ചാലക്കുടി കീഴ്നദീതടങ്ങളിലെ കുടിവെള്ള, ജലസേചന ആവശ്യങ്ങളെ ദോഷകരമായി ബാധിക്കും, പെരിയാറിലെ ജലലഭ്യത കുറയും, ആദിവാസി സമൂഹത്തിന്റെ ആവാസവ്യവസ്ഥയെ ബാധിക്കും, അപൂർവ ജീവജാലങ്ങളുടെ നിലനില്പ് ഇല്ലാതാകും തുടങ്ങി ഇതുസംബന്ധിച്ച വിവിധങ്ങളായ പഠനറിപ്പോർട്ടുകൾ കണക്കിലെടുക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല: സി.പി.ഐ
തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്. വൈദ്യുത മന്ത്രി എം.എം. മണി പദ്ധതി ഉപേക്ഷിക്കുകയാണെന്നും സമവായമില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കില്ലെന്നും നിയമസഭയിൽ കഴിഞ്ഞ വർഷം പറഞ്ഞതാണ്. വീണ്ടും പദ്ധതി ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ തത്പര കക്ഷികളുടെ ഇടപെടലാകാമെന്നും വത്സരാജ് അഭിപ്രായപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കേരളം മനസിലാക്കിയ രണ്ടു വർഷങ്ങളാണ് കടന്നുപോയത്. ലോകരാജ്യങ്ങൾ അണക്കെട്ടുകൾ ഉയർത്തിയുള്ള വൈദ്യുത ഉത്പാദനത്തിൽ നിന്ന് മാറി മറ്റു വഴിയിലൂടെ ഊർജം ഉത്പാദിപ്പിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ അണക്കെട്ടുക്കൾക്കായി വാശി പിടിക്കുന്നത് ദോഷകരമായി ബാധിക്കും. സർക്കാർ എൻ.ഒ.സി നൽകിയാലും ഈ പദ്ധതി നടപ്പാക്കാൻ സി.പി.ഐ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.