തിരുവനന്തപുരം: നഗരത്തിലെ ചില സ്വകാര്യ മാനേജുമെന്റ് സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും അനധികൃതമായി ഫീസ് ഈടാക്കുന്നതായി പരാതി. കൊവിഡിന്റെ സാഹചര്യത്തിൽ നിലവിലുള്ള നിയമങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും വിരുദ്ധമായിട്ടണ് പിരിവ്. രക്ഷിതാക്കളുടെ വരുമാന മാർഗം നിലച്ചിരിക്കുന്ന സാഹചര്യവും സ്കൂളുകളിൽ അദ്ധ്യയനം തുടങ്ങാൻ കഴിയാത്ത സാഹചര്യവും കണക്കാക്കാതെയാണ് പണം പിരിക്കുന്നത്.
തിരുവല്ലത്തെ ഒരു സി.ബി.എസ്.ഇ സ്കൂൾ ട്യൂഷൻ ഫീസിനു പുറമെ വാർഷിക ഫീസെന്ന പേരിൽ 7,100 രൂപ മുതൽ 14,600 രൂപ വരെ ഈടാക്കുന്നു. പുറമെ പുസ്തത്തിനും മറ്റും വിപണിവിലയുടെ ഇരട്ടി കൊടുക്കണം. സ്കൂൾ മാനേജ്മെന്റ് ട്യൂഷൻ ഫീസിനു പുറമെ മറ്റേതെങ്കിലും ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് ഏതൊക്കെ ആവശ്യത്തിനാണെന്ന് രക്ഷിതാക്കൾക്ക് മനസിലാകുന്ന വിധത്തിൽ ഇനം തിരിച്ച് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. കൊവിഡ് കാലത്ത് വാർഷിക ഫീസ് ഈടാക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.
ഈ സ്കൂൾ ഒന്നാം ക്ലാസിൽ പ്രവേശനത്തിന് 45,250 രൂപ ഈടാക്കുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. അതിൽ അഡ്മിഷൻ ഫീസ് 30,000 രൂപയാണ്. നഗരത്തിലെ ചില എയ്ഡഡ് സ്കൂളുകകളും അഡ്മിഷൻ ഫീസിന്റെ പേരിൽ വലിയ തുകകൾ പിരിച്ചെടുക്കുന്നത് കൊവിഡ് കാലത്തും തുടരുകയാണ്. നഗരത്തിലെ ഒരു ബോയ്സ് ഹൈസ്കൂളിൽ 15,000 രൂപ ഈടാക്കുന്നതായാണ് പരാതി. ഒൻപതാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസം സർക്കാർ ഉറപ്പു നൽകുമ്പോഴാണ് മാനേജ്മെന്റുകളുടെ പിരിവ് .