തിരുവനന്തപുരം: മികച്ച കായിക താരവും ബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന ജയമോഹന്റെ ജീവിതം രണ്ടുവർഷം മുമ്പ് ഭാര്യയുടെ മരണത്തോടെയാണ് താളം തെറ്റിയത്. ഇതിനുശേഷമാണ് ജയമോഹൻ മദ്യപാനം പതിവാക്കിയത്. വിദേശത്ത് ഷെഫായി ജോലി ചെയ്‌തിരുന്ന അശ്വിൻ തിരിച്ചെത്തിയതോടെ പിന്നീട് രണ്ടുപേരും ഒരുമിച്ചായിരുന്നു മദ്യപാനം. ഇതോടെ വീട്ടിൽ വഴക്കും പതിവായി. മദ്യപിക്കാൻ മറ്റ് സുഹൃത്തുക്കളെത്തുന്നത് അശ്വിന് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരിൽ കലഹം തുടർന്നതോടെ അയൽക്കാരും ഇൗ വീട്ടിലേക്ക് ശ്രദ്ധിക്കാതെയായി. ഭാര്യ മരിച്ചതിന് ശേഷം അച്ഛനും മകനും തമ്മിൽ അടികൂടുന്നത് പതിവായിരുന്നെന്ന് ആഴ്ചയിലൊരിക്കൽ വീട്ടുജോലിക്കെത്തിയിരുന്ന അനിത പറഞ്ഞു. വെള്ളിയാഴ്ചയാണ് വീട്ടിൽ അവസാനമായി ജോലിക്കെത്തിയത്. ശനിയാഴ്ച രാവിലെ എട്ടോടെ ജയമോഹൻ തമ്പിയെ കണ്ടിരുന്നു. പുറത്തുള്ള ആൾക്കാരോടൊക്ക തമ്പി സാർ വളരെ നല്ല പെരുമാറ്റമായിരുന്നു. വാഹനത്തിന്റെ താക്കോലിനും എ.ടി.എം കാർഡിനുമൊക്കെയാണ് ഇരുവരും വഴക്കിടാറുള്ളത്. വീട്ടിലെ മുറിക്ക് വേണ്ടിയും തർക്കങ്ങളുണ്ടായിരുന്നു. ചിലപ്പോൾ അച്ഛൻ മകനെയും മകൻ അച്ഛനെയും മുറിയിൽ പൂട്ടിയിടാറുണ്ട്. രണ്ടുമാസം മുമ്പുവരെ ഇളയമകൻ ആഷിഖ് ഇരുവർക്കും ആഹാരം നൽകിയിരുന്നു. ഇരുവരും പുറത്തുപോയി പ്രശ്‌നമുണ്ടാക്കാതിരിക്കാൻ ഇരുവരെയും ആഷിഖും വീട്ടിൽ പൂട്ടിയിടാറുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെയാണ് ആഷിഖ് ഇവിടേക്ക് വരുന്നത് അവസാനിപ്പിച്ചത്. അമിത മദ്യപാനം കാരണമാണ് കുവൈറ്റിലുണ്ടായിരുന്ന ജോലി അശ്വിന് നഷ്ടമായത്. ഡീഅഡിക്ഷൻ സെന്ററിലാക്കിയിരുന്നെങ്കിലും അശ്വിന്റെ മദ്യപാനം നിറുത്താനായില്ല. നാട്ടിലെത്തിയ ശേഷം അശ്വിന്റെ ജീവിതം പിതാവിന്റെ ചെലവിലായിരുന്നു. ഇവരുടെ പ്രശ്‌നങ്ങൾ കാരണം കുറച്ചുമാസം മുമ്പാണ് അശ്വിന്റെ ഭാര്യ കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയത്.