തിരുവനന്തപുരം : വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കി സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ജോലി തരപ്പെടുത്തിയതിൽ ആരോപണവിധേയനായ ജീവനക്കാരനെ 'പരിശുദ്ധ"നാക്കി സർക്കാരിലേക്ക് കൗൺസിൽ നൽകിയ വിശദീകരണം തള്ളിക്കളഞ്ഞ് കായിക വകുപ്പ്.
ഡി.ടി.പി ഓപ്പറേറ്റർ തസ്തികയിലേക്കാണ് കൗൺസിലിൽ വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയത്. എന്നാൽ നാളുകൾക്ക് ശേഷം വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് കൗൺസിലിൽ പരാതി ലഭിച്ചപ്പോൾ ജീവനക്കാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് തടിയൂരുകയാണ് കൗൺസിൽ അധികൃതർ ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിക്കൊടുക്കാൻ കൗൺസിലിനുള്ളിലെ ചിലർ കൂട്ടുനിന്നതായും പരാതിയിലുണ്ടായിരുന്നു. എന്നാൽ ഇതിൽ കൗൺസിൽ ഒരു നടപടിയുമെടുത്തിരുന്നില്ല. തുടർന്നാണ് കായികമന്ത്രിക്ക് പരാതി നൽകിയത്.
കൗൺസിലിന് എല്ലാം ക്ളീനാണ്
ഇൗ പരാതിയിൽ കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്പോർട്സ് കൗൺസിൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയെങ്കിലും മാസങ്ങളോളം അത് നൽകാതെ ഫയൽ പൂഴ്ത്തിവച്ചു. തുടർന്ന് പലതവണ റിമൈൻഡറുകൾ അയച്ചപ്പോഴാണ് മറുപടി നൽകാൻ തയ്യാറായത്. എന്നാൽ കൗൺസിലിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയെ അറിയിക്കാതെയും അന്വേഷണം നടത്താതെയും ആരോപണവിധേയന് ക്ളീൻ സർട്ടിഫിക്കറ്റ് നൽകുകയാണ് കൗൺസിൽ സെക്രട്ടറി ചെയ്തത്. നാലുവർഷത്തോളം കൗൺസിൽ സെക്രട്ടറിയായിരുന്ന സഞ്ജയൻ കുമാർ സ്ഥാനക്കയറ്റം ലഭിച്ച് മാതൃവകുപ്പിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് എല്ലാം ക്ളീനാണെന്ന് സർട്ടിഫിക്കറ്റ് നൽകിയത്.
കായിക വകുപ്പിന്റെ ചോദ്യങ്ങൾ
കൗൺസിൽ സെക്രട്ടറി നൽകിയ വിശദീകരണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചാണ് കായികവകുപ്പ് വീണ്ടും കത്തയച്ചിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നൽകിയ സന്ദർഭത്തിലെ എല്ലാ ഫയലുകളുടെയും പകർപ്പ് അതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് എല്ലാ ഉദ്യോഗസ്ഥൻമാരുടെയും പേരും അവർ നടത്തിയ പ്രവർത്തികളുടെ വിശദവിവരവും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൗൺസിൽ നടത്തിയ എല്ലാ അന്വേഷണങ്ങളുടെയും റിപ്പോർട്ടും നൽകണം. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെതിരെ നേരത്തെ ചില വനിതാ ജീവനക്കാർ നൽകിയ പീഡനപരാതിയിൽ എതുതരത്തിലേക്കുള്ള അന്വേഷണം നടത്തിയെന്നതിന്റെ റിപ്പോർട്ടുകൾ ഉൾപ്പെടെ വിശദ വിവരങ്ങൾ അറിയിക്കണമെന്നും കത്തിലുണ്ട്.
സെക്രട്ടറിക്ക് താക്കീത്
തങ്ങൾ ആവശ്യപ്പെട്ടിരിക്കുന്ന ചോദ്യങ്ങൾക്ക് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ നിർദ്ദേശം. സ്പോർട്സ് കൗൺസിൽ ജീവനക്കാരുടെ പ്രൊമോഷൻ, ശമ്പളം, ലീവ് മുതലായവയിൽ സർക്കാരിന്റെ അനുമതി ഇല്ലാതെ തീരുമാനമെടുക്കരുതെന്നും താക്കീത് ചെയ്തതിട്ടുണ്ട്. അല്ലാത്ത പക്ഷം കൗൺസിലിന്റെ സെക്രട്ടറിക്കായിരിക്കും ഉത്തരവാദിത്വം എന്നും കത്തിൽ പറയുന്നു.
കോച്ചിനെതിരെ
വിജിലൻസിൽ പരാതി
കുറച്ചുനാൾ മുമ്പ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് ഒരു പരിശീലകനെതിരെ പരാതി ഉയർന്നിരുന്നു. ഇയാളെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ കായിക മന്ത്രിയും കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നിർദ്ദേശിച്ചിരുന്നെങ്കിലും കൗൺസിലിലെ ഉന്നതർ ഇടപെട്ട് സ്ഥലംമാറ്റത്തിലൊതുക്കുകയായിരുന്നു. ഇതിനെതിരെ വിജിലൻസിലും ബാലാവകാശ കമ്മിഷനിലും പരാതി എത്തിയിരിക്കുകയാണിപ്പോൾ. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അനുമതി കൂടാതെ ആരോപണവിധേയരെ സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ തയ്യാറാക്കി സർക്കാരിലേക്ക് അയച്ച സംഭവത്തിലും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.