medical-college-

അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡിൽ നിന്നു മുങ്ങി ട്രാൻസ്പോർട്ട് ബസിൽ നാട്ടിലെത്തിയപ്പോൾ നാട്ടുകാർ പിടികൂടി തിരിച്ചെത്തിച്ച യുവാവും നിരീക്ഷണത്തിലിരുന്ന മറ്റൊരാളും ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വാർഡിൽ തൂങ്ങി മരിച്ചു.

കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്ന നെടുമങ്ങാട് ആനാട് ആലംകോട് തടത്തരിക്കത്ത് വീട്ടിൽ സജികുമാ‌ർ (ഉണ്ണി, 33) രാവിലെ 11നും, ഇന്നലെ പ്രവേശിപ്പിച്ച നെടുമങ്ങാട് നെട്ട മണക്കോട് ശ്രീനിലയത്തിൽ മുരുകേശൻ (48) വൈകിട്ട് 5നുമാണ് തൂങ്ങിമരിച്ചത്. സജികുമാ‌റിനെയാണ് നാട്ടുകാർ വീണ്ടും ആശുപത്രിയിലെത്തിച്ചത്.

രണ്ടുപേരും അമിത മദ്യാസക്തിയുള്ളവരായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. എന്നാൽ, ആശുപത്രിയിലെ നിരീക്ഷണ സംവിധാനത്തിലെ പാളിച്ചയാണ് കാരണമെന്ന ആക്ഷേപമുയർന്നതോടെ ഉന്നതാന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ റിപ്പോർട്ട് സമർപ്പിക്കണം.

സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ആവശ്യപ്പെട്ടു.

മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഉണ്ണിയെ മേയ് 31നാണ് രോഗം സ്ഥിരീകരിച്ച് കൊവിഡ് വാർഡിലാക്കിയത്. രോഗമുക്തനായതിനാൽ നാളെ ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോൾ തൂങ്ങി നിൽക്കുകയായിരുന്നു. ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കർണ്ണനാണ് ഉണ്ണിയുടെ പിതാവ്. മാതാവ്: മണികുമാരി.

കുളത്തുപ്പുഴ തമിഴ്നാട് അതിർത്തിയിലെ പന്നി ഫാമിൽ ജോലിക്കാരനാണ് മുരുകേശൻ. മദ്യലഹരിയിലായിരുന്ന ‌ഇയാളെ നെടുമങ്ങാട് നഗരസഭയിലെ ആരോഗ്യപ്രവർത്തകയായ ഭാര്യ സിമി നാട്ടുകാടെ സഹായത്തോടെയാണ് ഇന്നലെ രാവിലെ വാർഡിൽ എത്തിച്ചത്. ഇയാളുടെ സ്രവപരിശോധനാ ഫലം ലഭിച്ചിട്ടില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണവും വ്യക്തമല്ല. മക്കൾ: ഗോപിക,വിഷ്ണു.

അന്വേഷണത്തിൽ ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും

- മന്ത്രി കെ.കെ. ശൈലജ