medical-college-tvm

തിരുവനന്തപുരം: കൊവിഡ് രോഗിയും കൊവിഡ് നിരീക്ഷണത്തിലുള്ളയാളും ഒരേദിവസം വാർഡിനുള്ളിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ‍ മെഡിക്കൽ കോളേജിനെതിരെ രൂക്ഷവിമർശനം.

ഇന്നലെ രാത്രി ആരോഗ്യവകുപ്പ് മേധാവികളുടെ ഉന്നതതലയോഗം വിളിച്ച മന്ത്രി കെ.കെ. ശൈലജ ആശുപത്രി അധികൃതരുടെ ജാഗ്രതക്കുറവിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കൊവിഡ് നിരീക്ഷണത്തിലുള്ളവർ ചാടിപ്പോകുന്നതും കൊവിഡ് പരിശോധനയ്ക്ക് എത്തിയവർ പരിശോധനാഫലം വരുന്നതിന് മുമ്പ് ഇറങ്ങിപ്പോകുന്നതും പലതവണ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ജാഗ്രതക്കുറവ് തുടർന്നതാണ് ആത്മഹത്യപോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്. അതേ സമയം കൊവിഡ് രോഗികൾക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസലിംഗ് നൽകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും നിയന്ത്രിക്കാനാകാത്ത മാനസിക സംഘർഷമാണ് ഇന്നലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ രണ്ടുപേർ തൂങ്ങിമരിക്കാൻ ഇടയായതിന് പിന്നിലെന്നാണ് വിലയിരുത്തൽ. കൊവിഡ് രോഗികളോടുള്ള പൊതുജനങ്ങളുടെ പെരുമാറ്റവും അവരോടുള്ള സമീപനവും പല രോഗികളെയും വേദനിപ്പിക്കുന്നതാണ്. ആത്മഹത്യ ചെയ്‌തവരിൽ ഒരാളും കൊവിഡ് നെഗറ്റീവുമായ ആനാട് സ്വദേശി ഉണ്ണി ചൊവ്വാഴ്ച ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി നാട്ടിലെത്തിയെങ്കിലും നാട്ടുകാർ ഇടപെട്ട് ആരോഗ്യപ്രവർത്തകരെ അറിയിച്ച് മടക്കി അയക്കുകയായിരുന്നു. ഡിസ്ചാർജ്ജ് ആയി തിരികെ നാട്ടിലെത്തി വീട്ടിൽ അടച്ചിരിക്കുന്നതിലുള്ള വിഷമമാണ് ഇയാളെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയാണ് ഇയാൾ അബോധാവസ്ഥയിലാകുന്നത്. ഇയാൾക്ക് മാനസിക പിന്തുണ നൽകാൻ ആശുപത്രി അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് ഇയാളുടെ ആത്മഹത്യ വ്യക്തമാക്കുന്നത്. മണിക്കൂറുകൾക്കിടെയാണ് നിരീക്ഷണത്തിൽ കഴിഞ്ഞ മുരുകേശനും ആത്മഹത്യ ചെയ്‌തത്. കുളത്തുപ്പുഴ തമിഴ്നാട് അതിർത്തിയിലെ പന്നി ഫാമിൽ ജോലി നോക്കിയിരുന്നയാളാണ് മുരുകേശൻ. കഴിഞ്ഞ ദിവസം ഇയാൾ ജോലിസ്ഥലത്തു നിന്നും നാട്ടിലെത്തിയപ്പോൾ വീട്ടുകാർ തന്നെ ഇയാളെ ക്വറന്റൈനിൽ പോകണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിന് തയ്യാറാകാതിരുന്ന ഇയാളെ നഗരസഭയിലെ ആരോഗ്യ പ്രവർത്തകർ ഇടപെട്ടാണ് ഇന്നലെ രാവിലെ നിരീക്ഷണത്തിനായി വാർഡിലെത്തിച്ചത്. മദ്യം ലഭിക്കാത്തതിനാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു രണ്ടുപേരുമെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.