ടോക്കിയോ : കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത വർഷത്തേക്ക് മാറ്റിയ ടോക്കിയോ ഒളിമ്പിക്സ് ആർഭാടരഹിതമായാകും നടത്തുകയെന്ന് ഗെയിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോഷിറോ മുട്ടോ.
അടുത്തമാസം തുടങ്ങേണ്ടിയിരുന്ന ഒളിമ്പിക്‌സാണ് മാറ്റി വച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന കനത്ത നഷ്ടം പരിഹരിക്കാനാണ് ചെലവ് കുറച്ച് ആർഭാടരഹിതമായി നടത്താൻ ശ്രമിക്കുന്നതെന്ന് മുട്ടോ പറഞ്ഞു. എന്നാൽ ഏതൊക്കെ രീതിയിലാകും ചെലവ് കുറയ്ക്കുകയെന്ന് മുട്ടോ വ്യക്തമാക്കിയില്ല.
ഗെയിംസ് മാറ്റിവച്ചതിലൂടെ 65 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞമാസം ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു. ഇത് ഐ.ഒ.സിയും ജപ്പാനും ചേർന്നാണ് വഹിക്കുക. അതേ സമയം കഴിഞ്ഞ ദിവസം നടന്ന ഐ.ഒ.സി എക്സിക്യൂട്ടീവ് യോഗത്തിൽ ഒളിമ്പിക്‌സ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടായില്ലെന്ന് ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതി പ്രസിഡന്റും മുൻ ജാപ്പനീസ് പ്രധാനമന്ത്രിയുമായ യോഷിറോ മോറി പറഞ്ഞു. 2021ൽ ഒളിമ്പിക്സ് നടത്താനായില്ലെങ്കിൽ പിന്നെ മാറ്റിവയ്ക്കാനാവില്ലെന്നും ഉപേക്ഷിക്കലേ നിർവാഹമുള്ളൂവെന്നും ഐ.ഒ.സി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.