kovalam

കോവളം: പടിഞ്ഞാറേ പൂങ്കുളത്ത് ആളില്ലാത്ത വീടിന്റെ രണ്ടാം നിലയിൽ കയറി മുൻവാതിൽ കുത്തിപ്പൊളിച്ചും വിടിനോട് ചേർന്നുളള കടയുടെ ഷട്ടറും സി.സി ടി.വി കാമറയും തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച കേസിലെ മൂന്ന് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ചന്തവിള എൽ.പി.എസിന് സമീപം നൗഫൽ ഹൗസിൽ റഹീസ് ഖാൻ (26), വള്ളക്കടവ് പതിനാറേകാൽ മണ്ഡപത്തിന് സമീപം ഷാനൂ (26), ശംഖുംമുഖം ബാലനഗർ സ്വദേശി ആന്റണി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കവർച്ച ചെയ്യുന്നതിനായി പൂങ്കുളത്തെ ഇരുമ്പ് കടയിൽ നിന്ന് വാങ്ങിയ കോൺക്രീറ്റ് പണിക്കാർ ഇപയോഗിക്കുന്ന വലിയ ഗ്ലൗസുകൾ, ഗ്ലാസ്, ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തു. കവർച്ചക്കെത്തിയ വീട്ടിലും കടയിലും സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. പടിഞ്ഞാറെ പൂങ്കുളം വിനോദ് നിവാസിൽ ബാഹുലേയന്റെ ഇരുനില വീട്ടിലും ഇവരുടെ ഉമടസ്ഥതയിലുളള ബാബു സ്‌റ്റോറിലുമാണ് വെളളിയാഴ്ച അർദ്ധരാത്രി കവർച്ചാശ്രമം നടന്നത്. ശനിയാഴ്ച രാവിലെ ബാഹുലേയന്റെ മകൻ സജി കടതുറക്കാനെത്തിയപ്പോഴാണ് ഷട്ടർ തകർത്ത നിലയിൽ കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ് ഇതേ വളപ്പിലുള്ള വീട്ടിലെ രണ്ടാം നിലയിലെ വാതിലും കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയിൽ മൂവർ സംഘം നടന്നുപോകുന്നത് കണ്ട പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. തിരുവല്ലം മധുപാലത്തിനടുത്ത് പ്രതികൾ 9000 രൂപയ്ക്ക് വീട് വാടകക്കെടുത്താണ് കവർച്ച നടത്തിവന്നത്. പകൽ സമയങ്ങളിൽ മീൻകച്ചവടത്തിന്റെ പേരിൽ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് ആളില്ലാത്ത വീടുകൾ കണ്ടുവച്ചാണ് കവർച്ച നടത്തുന്നത്. ഇവരുടെ ആട്ടോറിക്ഷ പൊലീസ് കണ്ടെത്തിയിട്ടില്ല. പ്രതികളെ കോടതയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ. വി. സജികുമാർ, എസ്.ഐ.മാരായ ബിപിൻ പ്രകാശ്, മിഥുൻ, എ.എസ്.ഐ. രതീന്ദ്രൻ, സി.പി.ഒ മാരായ അരുൺ, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.