ആലുവ:ദേശം പെരിയാർ ക്ലബ്ബിലെ ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്ത് 18 ലക്ഷം രൂപ പിടികൂടിയ കേസിൽ 50 ശതമാനം തുക അന്വേഷണ സംഘത്തിന് റിവാർഡായി നൽകാൻ അങ്കമാലി ജുഡീഷിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
2017 ഒക്ടോബറിലാണ് റൂറൽ ജില്ലാ പൊലീസ് ദേശം സ്വർഗം റോഡിലെ പെരിയാർ ക്ലബ്ബ് റെയ്ഡ് നടത്തി ഉന്നതരായ 33 പേരെ അറസ്റ്റ് ചെയ്യുകയും 18.06 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തത്. ചീട്ടുകളി കേന്ദ്രത്തിൽ നിന്നും നോട്ട് എണ്ണൽ യന്ത്രം ഉൾപ്പെടെ പിടികൂടിയിരുന്നു. കേസ് ഒതുക്കി തീർക്കുവാൻ നിരവധി പേർ ശ്രമിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പെരിയാർ ക്ളബിലും ഏറെ വിവാദമുണ്ടായി. ചിലർ ക്ളബ് അംഗത്വം വരെ രാജിവെയ്ക്കാൻ തയ്യാറായി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് കോടതിയിൽ നിന്നും പൊലീസിന് അനുകൂലമായ ഉത്തരവുണ്ടായത്.
റിവാർഡ് തുക അന്വേഷണ സംഘത്തിലുണ്ടായിരുന്ന 23 ഉദ്യോഗസ്ഥർക്കായി നൽകും. കേരള ഗെയിമിംഗ് ആക്ട് പ്രകാരമാണ് റിവാർഡ്. ഓർഡർ ലഭിക്കുന്ന മുറയ്ക്ക് റിവാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു.