sabarimala

തിരുവനന്തപുരം: ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ അനുവദിക്കണമോയെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും പങ്കെടുക്കും. തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.

അതേസമയം ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തന്ത്രികുടുംബത്തിൽ അഭിപ്രായ ഐക്യമില്ലായിരുന്നുവെന്നാണ് സൂചന. ക്ഷേത്രം തുറക്കാം എന്ന ദേവസ്വം ബോർഡിന്റെ നിലപാടിനെ മുതിർന്ന തന്ത്രി കണ്ഠരര് രാജീവര് പിന്തുണച്ചപ്പോൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആ ഘട്ടത്തിൽ പ്രത്യേകിച്ച് നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ പിന്നീടാണ് അന്യസംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നടക്കം ഭക്തർ വരുന്ന സാഹചര്യത്തിൽ ക്ഷേത്രം തുറന്നു കൊടുക്കരുതെന്ന നിലപാട് മഹേഷ് മോഹനര് സ്വീകരിച്ചതെന്നാണ് സൂചന.

ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തിൽ വെർച്വൽ ക്യൂ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് ബുക്കിംഗ് തുടങ്ങാനായിരുന്നു നേരത്തത്തെ തീരുമാനം.