തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ഇന്നലെ ആത്മഹത്യ ചെയ്തവരിൽ ആനാട് സ്വദേശിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കൊവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച നെടുമങ്ങാട് ആനാട് ആലംകോട് തടത്തരികത്ത് വീട്ടിൽ സജികുമാറിന്റെ (ഉണ്ണി- 33) മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. സജികുമാറിന്റെ മരണത്തിന് പിന്നാലെ കൊവിഡ് വാർഡിൽ ജീവനൊടുക്കിയ നെടുമങ്ങാട് നെട്ട മണക്കോട് ശ്രീനിലയത്തിൽ മുരുകേശന്റെ (48) മൃതദേഹം കൊവിഡ് പരിശോധനാഫലം വന്നശേഷമേ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കൂ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് രോഗികൾ കൊവിഡ് വാർഡിൽ ജീവനൊടുക്കിയ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണം ഇന്ന് ആരംഭിക്കും.
കൊവിഡ് വാർഡിലെ സുരക്ഷാകാര്യങ്ങൾ വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും മെഡിക്കൽ കോളേജ് ജീവനക്കാരുടെ യോഗം ഇന്ന് രാവിലെ ചേരും. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സെക്യൂരിറ്റി വിഭാഗക്കാരുൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാരും പങ്കെടുക്കും.
അതേസമയം രോഗികളുടെ ആത്മഹത്യകളിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് ചാടി പോയ സംഭവമുണ്ടായിട്ടും ജാഗ്രത പാലിക്കാത്തതും മദ്യത്തിന് അടിമകളായിരുന്നവർക്ക് പ്രത്യേക ചികിത്സ നൽകാത്തതുമാണ് മെഡിക്കൽ കോളേജിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്.
ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ആനാട് സ്വദേശി രാവിലെ 11.30 ഓടെയും രോഗ ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന നെടുമങ്ങാട് സ്വദേശി വൈകിട്ടുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്നും മദ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തതതെന്നും മെഡിക്കൽ കോളേജ് വിശദീകരിക്കുന്നു.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആനാട് സ്വദേശി ആശുപത്രിയിൽ നിന്ന് ചാടിപോയ ഗുരുതര സംഭവമുണ്ടായിട്ടും ഈ രോഗിയുടെ കാര്യത്തിൽ അധികൃതർ ജാഗ്രത പാലിക്കാത്തതും രോഗിക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താത്തതുമാണ് വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നത്. ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്ന് മെഡിക്കൽ കോളേജ് വ്യക്തമാക്കുമ്പോൾ തന്നെ ഇതിന് പ്രത്യേക ചികിത്സ നൽകാൻ തയാറാകാത്തതും വീഴ്ചയായി വിലയിരുത്തപ്പെടുന്നു. സംഭവത്തെതുടർന്ന്
ആരോഗ്യ മന്ത്രി ഇന്നലെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ട് മരണങ്ങളിലും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും. രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വാർഡിലെ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.