മുംബയ്: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70രൂപയുമാണ് കൂടിയത്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ ഇടിഞ്ഞപ്പോൾ അതിന്‍റെ നേട്ടം ഉപയോക്താക്കൾക്ക് നൽകാത്ത എണ്ണക്കമ്പനികൾ, ക്രൂഡ് വില ഉയർന്നുതുടങ്ങിയതോടെ പെട്രോൾ– ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുകയാണ്. കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാൽ ഒരു പൈസയുടെ നേട്ടം പോലും ജനങ്ങളിലെത്തിയില്ല.
പെട്രോൾ വില മൂന്നു മാസത്തിനുള്ളിൽ വീണ്ടും 80–85 രൂപ നിലവാരത്തിലേക്കെത്തുമെന്ന് വിദഗ്ധർ പറയുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതും അസംസ്കൃത എണ്ണവില 40 ഡോളറിന് മുകളിലെത്തിയതുമാണു കാരണങ്ങൾ. കൊവിഡ് പ്രതിരോധത്തിന് കൂടുതൽ പണം ആവശ്യമായതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ നികുതി കുറയ്ക്കാൻ സാദ്ധ്യതയില്ല.
ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം ഒപെക് രാജ്യങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്. ലോക്ഡൗണിനു കൂടുതൽ ഇളവുകൾ നൽകിയതോടെ അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഡിമാൻഡ് ഉയർന്നതും വില കൂടുന്നതിനുള്ള കാരണമാണ്.