തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ തുടർച്ചയായ വീഴ്ചകളിൽ അതൃപ്തിയറിച്ച് ആരോഗ്യമന്ത്രി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസലേഷൻ വാർഡിൽ ആറു മണിക്കൂറിനിടെയാണ് രണ്ടു യുവാക്കൾ തൂങ്ങിമരിച്ചത്. മദ്യാസക്തി കാരണമുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ഇരുവരേയും നിരീക്ഷിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ആശുപത്രിയിലെ അണുനിയന്ത്രണ സംവിധാനം കാര്യക്ഷമമല്ലാത്തതിനെക്കുറിച്ചും വ്യാപക വിമർശനമുണ്ട്
ആദ്യം തൂങ്ങി മരിച്ച ആനാട് സ്വദേശിയായ ഉണ്ണി ചൊവ്വാഴ്ച ഐസലേഷൻ വാർഡിൽ നിന്ന് ആശുപത്രി വേഷത്തിൽ ഇറങ്ങിപ്പോയിരുന്നു. നാട്ടിലെത്തി കറങ്ങിനടന്ന ഇയാളെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് പൊലീസിറിയച്ചത്. ഇയാളുടെ അസ്വസ്ഥതകൾ വ്യക്തമായിരുന്നിട്ടും ശ്രദ്ധക്കുറവുണ്ടായെന്നാണ് വിലയിരുത്തൽ.
ആദ്യമരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് നിർദേശിച്ച ആരോഗ്യ മന്ത്രി രണ്ടാമത്തെ മരണമുണ്ടായതോടെ വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ മെഡിക്കൽ കോളേജ് അധികൃതരെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്‌തു.
കഴിഞ്ഞയാഴ്ച ദുബായിൽ നിന്ന് കൊവിഡ് ലക്ഷണങ്ങളോടെ എത്തിയ പ്രവാസിയെ പരിശോധനാ ഫലം വരുന്നതിന് മുമ്പ് വീട്ടിലേക്കയച്ച് മെഡിക്കൽ കോളജ് വിവാദത്തിലായിരുന്നു. കൊവിഡ് സ്‌ഥിരീകരിച്ച ഇയാളെ പിന്നീട് തിരിച്ചു വിളിക്കുകയായിരുന്നു. ഇതിൽ വീഴ്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി സമ്മതിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല.
രണ്ടാം തീയതി കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ ഒരു മാസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. 20 ന് ഡിസ്ചാർജ് ചെയ്ത ഇദ്ദേഹത്തെ 23 ന് പനി ബാധിച്ച് ചികിത്സക്കെത്തിച്ചെങ്കിലും കാര്യമായെടുത്തില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. സ്രവപരിശോധന വൈകിയെന്നും പരാതിയുയർന്നു.