train-service-

ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ റെയിൽവെ മന്ത്രാലയം നീക്കം തുടങ്ങി. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. അതേസമയം പാസഞ്ചർ വണ്ടികൾ ഓടില്ല.

മൂന്ന് പ്രത്യേക ട്രെയിനുകളുടെയും സർവീസ് ജൂൺ 15-ന് ആരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും.

തമിഴ്‌നാട്ടിലും ജൂൺ 15-ന് മൂന്നു വണ്ടികൾ തുടങ്ങുന്നുണ്ട്.രണ്ട്‌ ജനശതാബ്ദി എക്സ്പ്രസും വേണാട് എക്സ്പ്രസുമാണ്(തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ മാത്രം) ഇപ്പോൾ കേരളത്തിനകത്ത് സർവീസ് നടത്തുന്നത്. മംഗള, നേത്രാവതി, രാജധാനി എന്നിവയിൽ കേരളത്തിനകത്തുള്ള യാത്രയ്ക്ക് ഈയിടെ അനുമതി നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഈ വണ്ടികളിൽ യാത്ര അനുവദിച്ചിരുന്നില്ല.

കേരളത്തിൽ മാവേലി, മലബാർ, അമൃത എക്സ്പ്രസുകളാണ് പ്രത്യേകവണ്ടികളായി ആദ്യം ഓടുക. മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസർകോടുവരെയായിരിക്കും സർവീസ്. മധുരയ്ക്കുപകരം അമൃത എക്സ്പ്രസ് പാലക്കാടുനിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. മംഗളൂരു-തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസും പകൽ മുഴുവൻ ഓടുന്ന പരശുറാം എക്സ്പ്രസും ഉടനെ സർവീസ് തുടങ്ങില്ല.