തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 28-ന് മദ്യശാലകൾ തുറന്നതിന് ശേഷം എല്ലാ ദിവസവും തുടര്‍ച്ചയായി മദ്യപിച്ചിരുന്നുവെന്നും അവസാനത്തെ മൂന്നുനാലു ദിവസം ജയമോഹൻ തമ്പിയും മകൻ അശ്വിനും ആഹാരം പോലും കഴിച്ചിരുന്നില്ലെന്നുമാണ് അശ്വിന്‍ പൊലീസിന് നൽകിയ മൊഴി. പത്തു ദിവസമായി തുടര്‍ച്ചയായി മദ്യലഹരിയിലായിരുന്നു ജയമോഹന്‍ തമ്പിയും മകന്‍ അശ്വിനും.
അമിതമായി മദ്യപിച്ച് അശ്വിന്‍ ബഹളമുണ്ടാക്കുന്നത് പതിവായതോടെ ഇടയ്ക്ക് ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. മടങ്ങിയെത്തി വീണ്ടും മദ്യപാനം തുടങ്ങി. മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതു പതിവായതോടെ കുറച്ചു ദിവസം വീട്ടില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഫലമില്ലാതായതോടെ അശ്വിന്‍റെ ഇളയ സഹോദരന്‍ അടക്കമുള്ളവര്‍ ഈ വീട്ടിലേക്ക് വരാതായി.
ജയമോഹൻതമ്പിയുമായി തര്‍ക്കവും കൈയാങ്കളിയും ഉണ്ടാകുമ്പോള്‍ അശ്വിന്‍ സഹോദരനെയും ബന്ധുക്കളെയും വിളിച്ച് പറയാറുണ്ട്. ശനിയാഴ്ചയും ജയമോഹന്‍ തമ്പിയെ ഇടിച്ചിട്ട ശേഷം സഹോദരനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍, സ്ഥിരം പരാതിയാണെന്ന് കരുതി പ്രശ്‌നം സ്വയം പരിഹരിക്കാനാണ് സഹോദരന്‍ ആഷിക് മോഹന്‍ പറഞ്ഞത്. അല്‍പ്പം കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോഴേക്കും അശ്വിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ജയമോഹന്‍ തമ്പിയെ മര്‍ദിച്ചതിന് ശേഷം അശ്വിന്‍ വീണ്ടും മദ്യം വാങ്ങി വന്ന് വീട്ടിലിരുന്നു കുടിച്ചു. വൈകീട്ട് അൽപ്പം ബോധം വന്നപ്പോള്‍ അടുത്ത വീട്ടില്‍ പോയി ആംബുലന്‍സ് വിളിക്കാന്‍ സഹായം തേടി. എന്നാല്‍, മദ്യലഹരിയില്‍ വന്ന അശ്വിന്‍റെ വാക്കുകള്‍ ആരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല.
വീടിന് സമീപത്തുള്ള ചിലരാണ് ഇവര്‍ക്കു മദ്യം വാങ്ങിക്കൊണ്ടു നല്‍കിയിരുന്നത്. രാവിലെ മുതല്‍ തന്നെ അച്ഛനും മകനും മദ്യലഹരിയിലായിരിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ചില സുഹൃത്തുക്കളും മദ്യപിക്കാനായി ഈ വീട്ടിലെത്തിയിരുന്നു.നാലുമാസം മുമ്പാണ് കുവൈറ്റിൽ നിന്ന് അശ്വിന്‍ തിരിച്ചെത്തിയത്. മദ്യപാനം കാരണമാണ് ഇയാളുടെ ജോലി നഷ്ടമായത്. തിരിച്ചെത്തിയ ശേഷവും അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. അമിത മദ്യപാനം കാരണം അശ്വിന്‍റെ ഭാര്യ വീട്ടില്‍നിന്ന് താമസം മാറ്റുകയായിരുന്നു. ജയമോഹന്‍ തമ്പിയുടെ എ.ടി.എം. കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമെല്ലാം അശ്വിനാണ് ഉപയോഗിച്ചിരുന്നത്.